കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ
കണ്ണൂര്‍: ട്രെയിന്‍ കടന്നുപോയി കുറേ സമയം കഴിഞ്ഞിട്ടും റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോയിനോക്കിയപ്പോള്‍ കണ്ടത് കാബിനുള്ളില്‍ മദ്യലഹരിയില്‍ മയങ്ങിക്കിടക്കുന്ന ഗേറ്റ്മാനെ. ആളുകള്‍ വിളിച്ചിട്ടും ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും നടക്കാതായപ്പോള്‍ പൊലിസിനെ വിവരമറിയിച്ചു.
ഇതിനിടെ വന്ന മറ്റൊരു ട്രിയിനിന് സിഗ്നല്‍ കിട്ടാതെ വഴിയില്‍ നിര്‍ത്തിയിടേണ്ടി വന്നു. ഇതോടെ സമീപത്തെ പല ലെവല്‍ക്രോസുകളിലും ഗേറ്റ് അടഞ്ഞുതന്നെ കിടന്നു. അവസാനം എടക്കാട് റെയില്‍വേ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് പരിഹാരമുണ്ടാക്കിയത്.
കണ്ണൂര്‍ എടക്കാടിനു സമീപം നടാല്‍ റെയില്‍വേ ഗേറ്റില്‍ വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവം. കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചറിന് കടന്നുപോവാനായിരുന്നു ഗേറ്റ് അടച്ചത്. പാസഞ്ചര്‍ പോയിട്ടും ഗേറ്റ് തുറക്കാതായതോടെ നാട്ടുകാരും വാഹനയാത്രക്കാരും കാബിനിലേക്കു ചെല്ലുകയായിരുന്നു. അപ്പോഴാണ് മദ്യലഹരിയില്‍ ഇയാള്‍ കാബിനില്‍ കിടക്കുന്നത് കണ്ടത്.
സിഗ്നല്‍ കിട്ടാതെ മാവേലി എക്‌സ്പ്രസ് ഗേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്നു. എടക്കാട് പൊലിസ് റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി വന്നതിനു ശേഷമാണ് മാവേലിക്ക് സിഗ്നല്‍ നല്‍കിയത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ച കരാര്‍ജീവനക്കാരന്‍ സുധീഷിനെ എടക്കാട് പൊലിസ് റെയില്‍വേ പൊലിസിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."