മുന്‍ മന്ത്രി വിശ്വനാഥ മേനോന്‍ അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന വി. വിശ്വനാഥ മേനോന്‍ അന്തരിച്ചു. 92 വയസ്സായ അദ്ദേഹം ഇന്നു രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. 1987ലെ ഇ.കെ നായനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വിശ്വനാഥ മേനോന്‍, രണ്ടുതവണ പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മധ്യകേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്താനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം, ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
അവസാന കാലത്ത് സി.പി.എമ്മുമായി ഇടഞ്ഞ അദ്ദേഹം, വി.ബി ചെറിയാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വിമത സി.പി.എമ്മില്‍ അംഗമായി. 2004ല്‍ വിമത സി.പി.എം സ്ഥാനാര്‍ഥിയായി എറണാകുളത്തുനിന്ന് ലോക്‌സഭയിലേക്കു മല്‍സരിച്ചു. ഈ സമയം വിശ്വനാഥ മേനോന് ബി.ജെ.പി പിന്തുണ പ്രഖ്യാപിക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിയാതിരുന്ന അദ്ദേഹം, പാര്‍ട്ടി വിട്ട നടപടിയില്‍ പിന്നീട് പശ്ചാത്തപിച്ചു സി.പി.എമ്മിലേക്കു തിരിച്ചുപോവുകയും ചെയ്തു.
അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1927 ജനുവരിയില്‍ എറണാകുളത്താണ് ജനനം. എറണാകുളം ശ്രീരാമവര്‍മ സ്‌കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈക്കോടതിയിലും മറ്റ് കോടതികളിലും അഭിഭാഷകനായിരുന്നു.
ആത്മകഥയായ 'കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍' ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം) , മറുവാക്ക് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യ: കെ പ്രഭാവതി മേനോന്‍ (റിട്ട. ടീച്ചര്‍) മക്കള്‍: അഡ്വ. വി അജിത് നാരായണന്‍ (മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍) ഡോ. വി മാധവചന്ദ്രന്‍, മരുമക്കള്‍: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസര്‍ സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി) പ്രീതി മാധവ് (അസി. പ്രൊഫസര്‍ എംഇഎസ് കോളേജ്, എടത്തല).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."