പ്രസംഗ വേദികള്‍ പ്രതിപക്ഷത്തെ ആക്രമിക്കാനാണ്, ഭജന പാടാനല്ല
ലഖ്‌നൗ: പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷനെ വെല്ലുവിളിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ പ്രസംഗിക്കാന്‍ പോവുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിക്കാനാണെന്നും അല്ലാതെ ഭജന പാടാനല്ലെന്നും യോഗി പറഞ്ഞു.
ജനങ്ങളുടെ മുന്‍പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദൗര്‍ബല്യം തുറന്നു കാണിക്കലാണ് ഞങ്ങളുടെ ഉത്തരവാദിത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസാണോ സമാജ്‌വാദി പാര്‍ട്ടിയാണോ ബി.എസ്.പിയാണോ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് ഞങ്ങള്‍ കാര്യമാക്കുന്നില്ല. മറിച്ച് അതിനോട് പ്രതികരിച്ചാല്‍ ഞങ്ങളെ ചോദ്യം ചെയ്യുന്നത് എന്തിനാണ് ?- അദ്ദേഹം ചോദിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യോഗി.
ഹിന്ദു തീവ്രവാദം എന്നു പറയുന്നത് ഒരു പദം പോലുമല്ല. ഭീകരതയെ ഹിന്ദുക്കളുമായി താരതമ്യം ചെയ്തതു വഴി കോണ്‍ഗ്രസ് ഇന്ത്യയുടെ സംസ്‌കാരത്തെ മലിനപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തോട് മൊത്തം കോണ്‍ഗ്രസ് മാപ്പുപറയണം. പാകിസ്താനില്‍ മതേതരത്വം അറവുശാലയിലാണ്. ഹിന്ദുക്കള്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യ ഒരു മതേതരരാജ്യമായത്. രാജ്യാന്തരതലത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയാണ്.
മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി സാധ്വി പ്രഗ്യാസിങ്ങിന്റെ സ്ഥാനാര്‍ഥിത്വത്തെയും അദ്ദേഹം ന്യായീകരിച്ചു. ഹിന്ദു തീവ്രവാദം എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനുള്ള ഏറ്റവും മികച്ച മറുപടിയാണ് പ്രഗ്യാസിങ്ങിന്റെ സ്ഥാനാര്‍ഥിത്വം. രാജ്യത്തിനു വേണ്ടി ജീവിതം നീക്കിവച്ച സന്യാസിനിയാണ് പ്രഗ്യാസിങ്. കോണ്‍ഗ്രസ് അവരെ വളരെയധികം പീഡിപ്പിച്ചു. തീവ്രവാദികളെ വെറുതെവിട്ട കോണ്‍ഗ്രസ് (വിവിധ സ്‌ഫോടനകേസുകളിലെ പ്രതി) സ്വാമി അസിമാനന്ദയെയും കേണല്‍ പുരോഹിതിനെയും ലക്ഷ്യംവച്ചു. ഇതിനെല്ലാം സാധ്വി പ്രഗ്യാസിങ് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."