HOME
DETAILS

അലന്‍, താഹ: ഭരണകൂട ഭീകരതയുടെ ഇരകള്‍

  
backup
September 13 2020 | 21:09 PM

allen-and-thaha-887350-22020

ഭീകരസംഘടനയായ മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവ് പൊലിസ് നിയമവിരുദ്ധ പ്രവര്‍ത്തന നിയമം (യു.എ.പിഎ) പ്രകാരമുള്ള കുറ്റം ചുമത്തി ജയിലിലടച്ച അലന്‍ ശുഹൈബ്, താഹാ ഫസല്‍ എന്നീ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്ക് എറണാകുളം എന്‍.ഐ.എ കോടതി പത്തുമാസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം അനുവദിച്ച് ഇരുവരും താല്‍ക്കാലികമായി ജയില്‍മോചിതരായിരിക്കുകയാണ്. സാധാരണ ഗതിയില്‍ യു.എ.പി.എ വകുപ്പുകള്‍ ചുമത്തപ്പെട്ട കേസുകളില്‍ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരേ പ്രാഥമികമായി വല്ല കുറ്റവും സ്ഥാപിക്കാന്‍ പര്യാപ്തമായ വല്ല തെളിവും ഉണ്ടെങ്കില്‍ യു.എ.പി.എ 43 ഡി (5) ഉപ വകുപ്പനുസരിച്ച് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന നിയമപരമായ വിലക്കുണ്ട്. ഇരുവരെയും ചോദ്യംചെയ്തതിലോ അവരില്‍ നിന്നു കണ്ടെടുത്തുവെന്ന് പറയുന്ന രേഖകളില്‍ നിന്നോ എന്‍.ഐ.എയുടെ അന്വേഷണത്തില്‍ നിന്നോ നിരോധിത സംഘടനയുമായി ആരോപിക്കപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നതാണ് ജാമ്യം അനുവദിക്കാന്‍ എന്‍.ഐ.എ കോടതിയുടെ കണ്ടെത്തല്‍. ഈ രണ്ടു പ്രതികളോടൊത്ത് ഉസ്മാന്‍ എന്ന ഒരു ഭീകരനും സംഭവസമയം ഉണ്ടായിരുന്നുവെന്നും പിന്നീട് പൊലിസിന്റെ കണ്ണുവെട്ടിച്ച് ആ ഭീകരന്‍ കടന്നുകളഞ്ഞതാണെന്നുമാണ് എഫ്.ഐ.ആറിലെ പൊലിസ് ഭാഷ്യം. ഈ രണ്ടു യുവാക്കളും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കുമെതിരേ നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ആക്ടിലെ ഷെഡ്യൂള്‍ഡ് നിയമമായ യു.എ.പി.എ ചുമത്തിയതെന്നും എന്‍.ഐ.എ ആക്ട് ആറാംവകുപ്പിലെ വ്യവസ്ഥ പ്രകാരമാണ് വിവരം എന്‍.ഐ.എയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതെന്നും അതനുസരിച്ച് എന്‍.ഐ.എ കേസന്വേഷണം ഏറ്റെടുത്തതെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം. എന്‍.ഐ.എ അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ കുറ്റക്കാരാണെന്നു വിധിക്കുംവിധം ഇരുവരും ചായകുടിക്കുമ്പോഴായിരുന്നില്ല അറസ്റ്റ് ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹാസ രൂപേണ പ്രസ്താവിച്ചിട്ടുണ്ടായിരുന്നു.


ഇരുവര്‍ക്കുമെതിരേ പന്തീരാങ്കാവ് പൊലിസ് രജിസ്റ്റര്‍ ചെയ്ത 507 / 2019ാം നമ്പര്‍ പ്രഥമ വിവര റിപ്പോര്‍ട്ടനുസരിച്ച് യു.എ.പി.എ വകുപ്പ് 20 (ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭീകര സംഘടനയില്‍ അംഗമാവുക), വകുപ്പ് 38 (ഭീകര സംഘടനകളുടെ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക), വകുപ്പ് 39 (ഭീകര സംഘടനകളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം, മറ്റ് സഹായ സഹകരണങ്ങള്‍ നല്‍കുക) എന്നീ കുറ്റങ്ങളാണു ചേര്‍ത്തിരിക്കുന്നത്. പ്രഥമവിവര റിപ്പോര്‍ട്ടിലെ ഉള്ളടക്കം വായിച്ചുനോക്കിയാല്‍ പ്രഥമദൃഷ്ട്യാ യാതൊരു കുറ്റവും ഒരിക്കലും നിലനില്‍ക്കില്ലെന്നു മനസിലാക്കാവുന്നതാണ്. പ്രഥമ വിവരത്തിലെ ഉള്ളടക്കത്തിന്റെ പ്രധാന ആരോപണമെന്നത് 'അലന്‍ ശുഹൈബിന്റെ കൈവശം കാണപ്പെട്ട ഷോള്‍ഡര്‍ ബാഗ് പരിശോധിച്ചതില്‍ ബാഗിനുള്ളില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നും മറ്റും എഴുതിയ നോട്ടിസ് പ്രസ്താവന, മാവോയിസ്റ്റ് വേട്ടക്കെതിരേ ജനങ്ങള്‍ ഇറങ്ങുക...എന്ന തലക്കെട്ടോടു കൂടിയ നോട്ടിസുകളും കാണപ്പെട്ടതില്‍ അവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്നുള്ള ഉത്തമ വിശ്വാസത്തില്‍ 19.00 മണിക്ക് നിയമാനുസൃതം അറസ്റ്റ് ചെയ്തു' എന്നാണ് പന്തീരാങ്കാവ് പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ ജയന്‍ എഴുതി ഒപ്പിട്ട എഫ്.ഐ.ആറില്‍ പറയുന്നത്. ആരംഭത്തില്‍ കേരളാ പൊലിസിന്റെയും പിന്നീട് എന്‍.ഐ.എയുടെയും പത്തുമാസത്തോളം നീണ്ടുനിന്ന അന്വേഷണത്തില്‍ ഇരുവരുടെയും കൂടെയുണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്ന, പൊലിസിന്റെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ഉസ്മാനെ സംബന്ധിച്ച് യാതൊരു വിവരവും കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ മൂന്നാമന്‍ ഉസ്മാന്‍ എന്ന പേരില്‍ പൊലിസ് ആരോപിച്ചതു പോലെ ഒരു 'കൊടും ഭീകരന്‍' യഥാര്‍ഥത്തില്‍ പ്രതികളോടൊത്ത് ഉണ്ടായിരുന്നുവോ അതോ ഉസ്മാന്‍ പൊലിസിന്റെ ഭാവനാ കഥാപാത്രം മാത്രമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


കുറ്റപത്രത്തില്‍ പ്രഥമദൃഷ്ട്യാ യാതൊരു തെളിവും പ്രതികള്‍ക്കെതിരേ കണ്ടെത്താനായില്ലെന്ന എന്‍.ഐ.എ കോടതിയുടെ കണ്ടെത്തലിനെ ശരിവയ്ക്കും വിധമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്പരം എതിരായി മാപ്പുസാക്ഷികളാവാന്‍ ആവശ്യപ്പെട്ടതായി ഇരുവരും എന്‍.ഐ.എ കോടതിയില്‍ തുറന്നുപറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണ് അലന്‍, താഹ പ്രതികളെ ഭീകരന്‍മാര്‍ക്കെതിരേ പൊലിസ് പ്രയോഗിക്കുന്ന കുറ്റം ചുമത്തി ജയിലിലടച്ചതെന്നാണ് ഏവരെയും കുഴയ്ക്കുന്ന ചോദ്യം. അതുകൊണ്ട് തന്നെ കഴിഞ്ഞ പത്തുമാസത്തെ ഇരുവരുടെയും ജയില്‍വാസത്തിന് ഉത്തരവാദികളാരാണ്. ശ്യാം ബാലകൃഷ്ണന്‍ എന്ന യുവാവിനെ വയനാട്ടിലെ വെള്ളമുണ്ട പൊലിസ് സ്റ്റേഷനില്‍ ഒരുദിവസം പകല്‍ മുഴുവന്‍ മാവോവാദി ബന്ധം ആരോപിച്ച് തടഞ്ഞുവച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് അദ്ദേഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോധിപ്പിച്ച റിട്ട് ഹരജിയുടെ അടിസ്ഥാനത്തില്‍ ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേരള ഹൈക്കോടതി വിധിച്ചിട്ടുണ്ടായിരുന്നു. സിംഗിള്‍ ജഡ്ജിയുടെ പ്രസ്തുത വിധിക്കെതിരേ ഇടതു സര്‍ക്കാര്‍ ബോധിപ്പിച്ച റിട്ട് അപ്പീലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയാണുണ്ടായത്. അലനും താഹയ്ക്കും ജാമ്യം നല്‍കിയ എന്‍.ഐ.എ കോടതി ഉത്തരവില്‍ ശ്യാം ബാലകൃഷ്ണന്റെ വിധി അവലംബിച്ചിട്ടുണ്ടെന്നതും വളരെ ശ്രദ്ധേയമാണ്.


അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി ഉത്തരവ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നയുടനെ നമുക്ക് കേള്‍ക്കാന്‍ സാധിച്ചതു വിധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസ്താവനയാണ്. യു.എ.പി.എ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ ഉപയോഗിക്കുന്നതിനു സി.പി.എം എതിരാണെന്നും ബേബി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി. അങ്ങനെയെങ്കില്‍ രണ്ടു സി.പി.എം യുവാക്കള്‍ക്കെതിരേ യു.എ.പി.എ ചുമത്തി കേസെടുത്ത് ജയിലിലടച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയ്ക്കു സി.പി.എം എതിരാണെന്നു തുറന്നുപറയാനുള്ള ആര്‍ജവം സി.പി.എം പൊളിറ്റ് ബ്യൂറോ കാണിക്കണം.


ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് അലന്‍, താഹ സംഭവത്തെക്കുറിച്ച് പറഞ്ഞതു യു.എ.പി.എ നിയമം കൊണ്ടുവന്നതും ഭേദഗതി നിമയത്തില്‍ കൂടി ശക്തിപ്പെടുത്തിയതും കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതൃത്വത്തിലെ യു.പി.എ സര്‍ക്കാരുമാണെന്നും അതിനാല്‍ യു.എ.പി.എ അനുസരിച്ചുള്ള എല്ലാ അറസ്റ്റുകള്‍ക്കും ഉത്തരവാദി കോണ്‍ഗ്രസും യു.പി.എ ഘടകകക്ഷികളുമാണെന്നുമാണ്. സ്വന്തം ഭാര്യയ്ക്ക് എലിവിഷം ചേര്‍ത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവിന്റെ ഭാഷ്യം ഭാര്യയുടെ മരണകാരണം എലിവിഷ നിര്‍മാതാക്കളായ കമ്പനിയാണെന്നായിരുന്നു. ശരിയാണ്, യു.എ.പി.എ നിയമം ശക്തിപ്പെടുത്തിയതും പുതിയ പല്ലും നഖവും നല്‍കി കര്‍ശനമാക്കിയതും യു.പി.എ സര്‍ക്കാരാണ്. പക്ഷേ, ആ ഭേദഗതി നിയമം കൊണ്ട് ഉദ്ദേശിച്ചത് രാജ്യാന്തര ഭീകരന്‍മാരുടെ പട്ടികയില്‍ സ്ഥാനംപിടിച്ച അജ്മല്‍ കസബ്, അഫ്‌സല്‍ ഗുരു, ദാവൂദ് ഇബ്രാഹിം എന്നിവരെ പോലുള്ളവര്‍ക്കെതിരേ പ്രയോഗിക്കാനാണ്. അല്ലാതെ അലന്‍, താഹമാരെ പോലുള്ള സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരോടു വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കാനായിരുന്നില്ല. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലെ തലശ്ശേരി പാലയാട് ലോ സ്‌കൂളില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ കടുത്ത പിണറായി വിമര്‍ശകനാണെന്നതിന്റെ പ്രതികാര നടപടിയാണു മേല്‍ വിവരിച്ച കേസെന്നു പരക്കെ ആരോപണമുണ്ടായിരുന്നു.


പന്തീരാങ്കാവ് കേസിനെതിരേ ജനരോഷം ശക്തമായപ്പോള്‍ മുഖ്യമന്ത്രിയുടെ മറ്റൊരു കാപട്യമാണ് കേസ് കേരള പൊലിസിനു തന്നെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തെഴുതിയത്. ആ കത്തിന്റെ ഫലം കരിമ്പാറയ്ക്കു പ്രേമ ലേഖനമെഴുതുന്നതു പോലെയാണെന്നു നന്നായി അറിയുന്ന ഒരുവ്യക്തി പിണറായി വിജയനാണ്. ഛത്തീസ്ഗഡില്‍ എന്‍.ഐ.എ ഒരു കേസിന്റെ അന്വേഷണം എന്‍.ഐ.എ ആക്ടിലെ 6(5) വകുപ്പനുസരിച്ച് സ്വമേധയാ ഏറ്റെടുത്ത നടപടിയെ എതിര്‍ത്ത് എന്‍.ഐ.എ ആക്ടിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് മുഖ്യമന്ത്രി ഭൂപേഷ് ബഗലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഭരണഘടന അനുഛേദം 131 അനുസരിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ വ്യവഹാരം ബോധിപ്പിക്കുകയുണ്ടായി. കേരള സര്‍ക്കാരിന് എന്‍.ഐ.എ അന്വേഷണത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പാത അവലംബിക്കുകയാണു ചെയ്യേണ്ടിയിരുന്നത്. യു.എ.പി.എ കേസുകള്‍ പുനരവലോകനം ചെയ്യാന്‍ സ്‌കൂട്ടിനി കമ്മിറ്റി രൂപീകരിച്ചുവെന്നൊക്കെയുള്ള സര്‍ക്കാര്‍ ഭാഷ്യം ജനങ്ങളെ കബളിപ്പിക്കാനുള്ള ലക്ഷ്യമാക്കിയുള്ളതാണ്. അപ്രകാരം ഒരു കമ്മിറ്റി രൂപീകരിക്കാന്‍ യു.എ.പി.എ നിയമം സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരവും നല്‍കുന്നില്ല. ആ യാഥാര്‍ഥ്യം എത്രനാള്‍ സര്‍ക്കാരിനു മറച്ചുവയ്ക്കാനാകും.


കേരളാ പൊലിസിന്റെ പ്രതികാര നടപടിയിന്‍മേല്‍ എടുത്തുചാടി കേസ് രജിസ്റ്റര്‍ ചെയ്ത് യു.എ.പി.എ ചുമത്തിയ കേസ് ഏറ്റെടുത്ത എന്‍.ഐ.എയുടെ മുഖം വികൃതമായതുകൊണ്ടാണ് ജാമ്യ ഉത്തരവിനെ ചോദ്യംചെയ്ത് എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചത്. എന്‍.ഐ.എ അന്വേഷണം കേരള പൊലിസിനു തന്നെ തിരികെ നല്‍കണമെന്നു കേന്ദ്രത്തിനു കത്തെഴുതിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ ആത്മാര്‍ഥതയുടെ വല്ല അംശവും ഉണ്ടെങ്കില്‍ ജാമ്യ ഉത്തരവിനെതിരേയുള്ള അപ്പീല്‍ ഹൈക്കോടതിയില്‍ ഇന്നു വാദത്തിനു വരുമ്പോള്‍ കേരള സര്‍ക്കാര്‍ എന്‍.ഐ.എ അന്വേഷണത്തിനെതിരേ നിലപാട് കോടതിയെ അറിയിക്കാന്‍ തയാറാകണം. അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ ചുമത്തുന്ന നടപടിക്കു സി.പി.എം എതിരാണെന്ന പ്രസ്താവനകള്‍ കള്ളുഷാപ്പില്‍ മദ്യവര്‍ജനത്തിന്റെ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിനു സമാനമായിത്തീരുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ കാപട്യ മുഖം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെടുന്നതുമാണ്.

(മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago