ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിലനിര്‍ത്തും: മന്ത്രി കെ.ടി ജലീല്‍
നെടുമ്പാശ്ശേരി: സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍തന്നെ നിലനിര്‍ത്തുമെന്ന് ഹജ്ജ്കാര്യ ചുമതലയുള്ള തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
നെടുമ്പാശ്ശേരിയില്‍ താല്‍ക്കാലിക ഹജ്ജ് ക്യാംപിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരിപ്പൂരിനു പുറമെ നെടുമ്പാശ്ശേരിയില്‍ നിന്നു കൂടി ഹജ്ജ് സര്‍വിസ് ആരംഭിക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണ്. രാജ്യത്തെ 21 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ ഒന്നാണ് കേരളത്തിലേത്. കേരളം പോലെ ഭൂമിശാസ്ത്രപരമായി വിസ്തൃതി കുറഞ്ഞ സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ എമ്പാര്‍ക്കേഷന്‍ പോയിന്റിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരിക്കലും അനുമതി നല്‍കില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജംബോ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ തടസം നേരിട്ടതുമൂലമാണ് എമ്പാര്‍ക്കേഷന്‍ താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്കു മാറ്റേണ്ടിവന്നത്.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ആരേയും അടിച്ചിറക്കിയല്ല. ജനങ്ങള്‍ക്ക് തൃപ്തികരമായ പുനരധിവാസ പാക്കേജ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കും.
ഈ സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കുന്നത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. എന്നാല്‍ നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര പുറപ്പെടുന്ന ഉംറ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമായ ഒരു കേന്ദ്രം തുടങ്ങുന്ന കാര്യം സിയാലുമായി ആലോചിച്ച് തീരുമാനിക്കും.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം തീര്‍ഥാടകര്‍ ഈ വര്‍ഷം ഹജ്ജിന് പുറപ്പെടാന്‍ ക്യാംപില്‍ എത്തുന്നത് കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.കെ ഇബ്രാഹിം കുഞ്ഞ്, സിയാല്‍ എക്‌സി.ഡയറക്ടര്‍ എ.എം ഷബീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, ഹജ്ജ് കമ്മിറ്റി സെക്രട്ടറി ഇ.സി മുഹമ്മദ്, മാസ്റ്റര്‍ ട്രെയിനര്‍ എന്‍.പി ഷാജഹാന്‍, ജില്ലാ ട്രെയിനര്‍ അഷ്‌കര്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."