ഓണ്‍ലൈന്‍ തട്ടിപ്പ് കാമറൂണ്‍ സ്വദേശികളുടെ പേരില്‍ 10 സംസ്ഥാനങ്ങളില്‍ കേസ്
മലപ്പുറം: ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്ത കാമറൂണ്‍ സ്വദേശികളായ പ്രതികളുടെ പേരില്‍ പത്തോളം സംസ്ഥാനങ്ങളില്‍ സമാനമായ കേസുകള്‍ വേറെയും.
ഓഗസ്റ്റ് പതിനാലാം തിയതി പൊലിസ് ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്ത കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28 ), ലാങ്ജി കിലിയന്‍ കെങ് (27 ) എന്നിവര്‍ക്കെതിരെയാണ് സമാനമായ കേസുകള്‍. ഇവരില്‍നിന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങി കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഉള്‍പ്പെട്ട മറ്റ് കേസുകള്‍ സംബന്ധിച്ച് അറിയാന്‍ സാധിച്ചത്. ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഗുജറാത്ത് പൊലിസ് കഴിഞ്ഞ ദിവസം പ്രതികളെ വിട്ടുകിട്ടുന്നതിനായി മഞ്ചേരി സി.ജെ.എം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും തുടര്‍ന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗുജറാത്തിലേക്കും തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രതികളെ കൊണ്ടുപോകും.
മഞ്ചേരിയിലെ ഹോള്‍സെയില്‍ മരുന്ന് വിപണന കേന്ദ്രത്തിലേക്ക് ആവശ്യമായ വിലപിടിപ്പുള്ള മരുന്ന് നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ പരാതിക്കാരനില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. ഇതില്‍ മഞ്ചേരി പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായിരുന്നത്. മഞ്ചേരി സി.ഐ. എന്‍.ബി ഷൈജു, എസ്.ഐ ജലീല്‍ കറുത്തേടത്ത്, സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം അബ്ദുല്ല ബാബു, എസ്.ഐ.ടി അംഗങ്ങളായ കെ.പി അബ്ദുല്‍ അസീസ്, സ്രാമ്പിക്കല്‍ ശാക്കിര്‍, കെ.വി ഉണ്ണികൃഷ്ണന്‍, എ. ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."