സഊദി ഹരിത ഇഖാമ: സാമ്പത്തിക രംഗം കൂടുതല്‍ ശക്തമാകുമെന്ന് വിദഗ്ധര്‍; സ്വാഗതം ചെയ്യുന്നതായി എം എ യൂസുഫലി
റിയാദ്: വിദേശികള്‍ക്കായി സഊദി അറേബ്യ പുറത്തിറക്കുന്ന ഹരിത ഇഖാമക്ക് പരക്കെ സ്വാഗതം. നിലവിലെ സഊദിയിലെ വിദേശികളുടെ ഇഖാമയില്‍ അനുബന്ധ കാര്യങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കപ്പെടുന്ന ഹരിത ഇഖാമ സഊദിയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഏറെ ഗുണകരവും ആശ്വാസകരവുമായിരിക്കും. സ്വന്തമായി ബിസിനസ് തുടങ്ങാനാവുമെന്നതിനാല്‍ നിലവില്‍ സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലെന്നതാണ് ഏറ്റവും വലിയ ആശ്വാസം. നിലവില്‍ സഊദി സ്‌പോണ്‌സര്‍മാരുടെ സഹകരണത്തോടെയാണ് ബിസിനസുകള്‍ നടത്തുന്നത്. പലപ്പോഴും സ്‌പോണ്‍സറും വിദേശിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുമ്പോള്‍ സ്ഥാപനം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവില്‍.
പെട്രോളിതര വരുമാനം ലക്ഷ്യമാക്കി കൂടുതല്‍ പദ്ധതികള്‍ കൊണ്ടു വരുന്ന സഊദിയില്‍ ഹരിത ഇഖാമ പദ്ധതിയിലൂടെ മാത്രം നൂറു ബില്യണ്‍ റിയാല്‍ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷ. ഇത് രാജ്യത്തിന്റെ സാമ്പത്തിക കരുത്തില്‍ ശക്തമായ സാന്നിധ്യമായി മാറും. വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ ഗണ്യമായ കുറവ് വരുത്താനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ വിദേശികള്‍ 400 ബില്യണ്‍ റിയാലാണ് സഊദിക്ക് പുറത്തേക്ക് അയക്കുന്നതെന്നാണ് കണക്കുകള്‍. 300 ബില്യണ്‍ റിയാല്‍ അനധികൃതമായും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനും പരിഹാരമാകും ഹരിത ഇഖാമ എന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. പുതിയ തീരുമാനം സ്വാഗതം ചെയ്യുന്നതായി മലയാളി വ്യവസായി എം എ യൂസുഫലി പറഞ്ഞു. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ രാജ്യമായി സഊദി മാറുന്നതോടെ തൊഴില്‍ മേഖലയിലും ഉണര്‍വ്വുണ്ടാകുമെന്നും ചരിത്ര പരമായ തീരുമാനം സഊദിയെ ആഗോള സാമ്പത്തിക കേന്ദ്രമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിത ഇഖാമയിലൂടെ സ്വന്തമായി ഭൂമിയും വാഹനവും വാങ്ങാനാകുമെന്നത് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ മാറ്റമായിരിക്കും വരുത്തി വെക്കുകയെന്നും നിക്ഷേപ രംഗത്ത് കൂടുതല്‍ ശക്തി പകരുമെന്നും ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി യിലെ റിയല്‍ എസ്റ്റേറ്റ് അപ്പ്രൈസല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലാഹ് അല്‍ അഹ്മരി അഭിപായപ്പെട്ടു. സഊദി വിഷന്‍ 2030 ന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍ ഖാലിദ് അല്‍ മുബയ്യിദ് അഭിപ്രായപ്പെട്ടു. വിദേശ നിക്ഷേപം രാജ്യത്തേക്ക് ഒഴുകിയെത്തുകയാണെന്നും കഴിഞ്ഞ വര്‍ഷം നൂറു ശതമാനം വര്‍ധിച്ചു മൂന്നു ബില്യണ്‍ റിയാല്‍ കവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു
സഊദി കിടീടാവകാശിയും പ്രതിരോധ മന്ത്രിയും സഊദി വിഷന്‍ 2030ന്റെ മുഖ്യ ശില്‍പിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ സഊദി മുഖഛായ മാറ്റുന്ന ലക്ഷ്യങ്ങളില്‍ ഒന്നാണ് ഹരിത ഇഖാമ. മൂന്ന് വര്‍ഷം മുമ്പാണ് കിരീടാവകാശി സഊദിയിലും ഗ്രീന്‍ കാര്‍ഡ് കൊണ്ടു വരുമെന്ന് പ്രഖ്യാപനം നടത്തിയത്.സഊദി സാമ്പത്തികം, ജി ഡി പി എന്നിവ അടിസ്ഥാനത്തില്‍ മേഖലയിലെ സാമ്പത്തിക ഹബ്ബായി സഊദിയെ മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."