ഫോര്‍ ദ പീപ്പിള്‍: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരേ ലഭിച്ചത് 1,577 പരാതികള്‍
മലപ്പുറം: പൊതുജനങ്ങളുടെ പരാതികള്‍ക്ക് അതിവേഗ പരിഹാരമുണ്ടാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനുകീഴില്‍ തുടങ്ങിയ 'ഫോര്‍ ദ പീപ്പിള്‍' ഓണ്‍ലൈന്‍ സംവിധാനംവഴി ഇതുവരെ ലഭിച്ചത് 1,577 പരാതികള്‍.
തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് യഥാസമയം സേവനം ലഭിക്കാതിരിക്കുകയോ, ഉദ്യോഗസ്ഥര്‍ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുകയോ ചെയ്താല്‍ തെളിവുസഹിതം പരാതിപ്പെടാനുള്ള സംവിധാനമാണ് ഫോര്‍ ദ പീപ്പിള്‍. 2017 ഫെബ്രുവരിയില്‍ ആരംഭിച്ച് ഇതുവരെയായി ലഭിച്ച 1,577 പരാതികളില്‍ 1,054 എണ്ണം പരിഹരിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളില്‍ പോരായ്മകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോര്‍ ദ പീപ്പിള്‍ ആരംഭിച്ചത്. പഞ്ചായത്തുകളില്‍നിന്ന് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നതിനുള്ള അനാവശ്യ കാലതാമസം, പൊതുമരാമത്ത് പ്രവൃത്തികളിലെ അഴിമതി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികളും ലഭിക്കുന്നത്. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനധികൃത അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതികളുമുണ്ട്. ഉദ്യോഗസ്ഥരുടെ അലംഭാവം, സ്വജനപക്ഷപാതം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും നല്‍കാം.
പൊതുജനങ്ങള്‍ ഓണ്‍ലൈനായാണ് പരാതി സമര്‍പ്പിക്കേണ്ടത്. മലയാളത്തിലും ഇംഗ്ലീഷിലും പരാതി നല്‍കാന്‍ സൗകര്യമുണ്ട്. പരാതികള്‍ക്ക് അടിസ്ഥാനമാകുന്ന തരത്തിലുള്ള ചിത്രങ്ങള്‍, വിഡിയോ, ഓഡിയോ എന്നിവയും കൂടെ ചേര്‍ക്കാം. ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വ്യക്തമാക്കുന്ന തെളിവുകളും സമര്‍പ്പിക്കാം. പരാതി ലഭിച്ചാല്‍ അതത് ജില്ലകളിലേക്ക് കൈമാറും. പരാതിയുമായി ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല മേധാവി സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഇതനുസരിച്ചാണ് പരിഹാര നടപടികളുണ്ടാവുക. ഫോര്‍ ദ പീപ്പിളില്‍ ലഭിക്കുന്ന പരാതികളില്‍ അടിയന്തര നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. പഞ്ചായത്ത് വകുപ്പ്, ടൗണ്‍പ്ലാനിങ്, റൂറല്‍ ഡെവലപ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും ഇതുവഴി നല്‍കാം. ഇതുവരെ ലഭിച്ച പരാതികളില്‍ കൂടുതലും പഞ്ചായത്ത് വകുപ്പില്‍ നിന്നു തന്നെയാണ്. 1,230 പരാതികള്‍. നഗരകാര്യവുമായി ബന്ധപ്പെട്ട് 168 പരാതികളും എന്‍ജിനീയറിങ് വിംഗുമായി ബന്ധപ്പെട്ട് 154 പരാതികളും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."