കാത്തിരിപ്പിന് വിരാമം;താവം മേല്‍പാലം തുറന്നു
ചെറുകുന്ന്: നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ താവം റെയില്‍വേ മേല്പാലത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. ഏറെ ആഹ്ലാദകരമായ നിമിഷത്തിന് സാക്ഷികളാകാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. ടി.വി രാജേഷ് എം.എല്‍.എ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ലഡു വിതരണം ചെയ്തു.
587 മീറ്റര്‍ നീളത്തിലാണ് പാലവും അപ്രോച്ച് റോഡും നിര്‍മിച്ചത്. കെ.എസ്.ടി.പി പദ്ധതിയില്‍ പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ് പാലം നിര്‍മിച്ചത്. 2014 ഏപ്രില്‍ 22ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2015ലാണ് പ്രവൃത്തി ആരംഭിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതോടെ ടി.വി രാജേഷ് എം.എല്‍.എയുടെ വാഹനം പാലത്തിന് മുകളിലൂടെ ആദ്യം കടന്നുപോയി. ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബറില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ഹസ്സന് കുഞ്ഞി, എ. സുഹറാബി, ഒ.വി നാരായണന്, ടി. ചന്ദ്രന്, കെ. പത്മനാഭന്, വി. വിനോദ്, കെ.വി രഘുനാഥന്, പി.കെ രതീഷ് കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."