ബഹ്‌റൈന്‍ ദിനാര്‍ ആദ്യമായി 190 രൂപ പിന്നിട്ടു
മനാമ: രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണെങ്കിലും ഗള്‍ഫ് കറന്‍സികളുടെ വിനിമയമൂല്യം പ്രതിദിനം വര്‍ധിക്കുന്നത് പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാകുകയാണ്.
വാരാന്ത്യ ദിനത്തില്‍ ഒരു ബഹ്‌റൈന്‍ ദിനാറിന് ലഭിച്ചത് 190.75 ആണ്. ബഹ്‌റൈനില്‍ ആദ്യമായാണ് ഒരു ദിനാറിന് 190 രൂപയും അതിനു മുകളിലും ലഭിക്കുന്നതെന്നാണ് വര്‍ഷങ്ങളായി ഇവിടെയുള്ള പ്രവാസികളുടെ സാക്ഷ്യം.
തന്റെ ഓര്‍മ്മയില്‍ ഒരു ദിനാറിന് ഇതുവരെ 190രൂപ ലഭിച്ചിട്ടില്ലെന്നും ഇത് തന്റെ ആദ്യാനുഭവമാണെന്നും 30 വര്‍ഷമായി ബഹ്‌റൈനിലെ ഗോള്‍ഡ് സിറ്റി കേന്ദ്രീകരിച്ചു ബിസിനസ് നടത്തുന്ന വടകര കടമേരി സ്വദേശി കുയ്യാലില്‍ മഹ് മൂദ് ഹാജി ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
ഇന്ത്യന്‍ രൂപയുടെ വിലയിടിവ് റെക്കോര്‍ഡ് കടന്നതോടെ വാരാന്ത്യ ദിനത്തില്‍ മിക്ക എക്‌സ്‌ചേഞ്ചുകളിലും കനത്ത തിരക്കാണനുഭവപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ചയോളമായി നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നെങ്കിലും ഇത്തവണ വാരാന്ത്യ ദിനത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടതെന്ന് ഒരു പ്രമുഖ എക്‌സ്‌ചേഞ്ച് ജീവനക്കാരന്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു.
രാജ്യാന്തര വിപണി ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായതിനാല്‍ നിലവില്‍ വെള്ളിയാഴ്ച ക്ലോസ്സ് ചെയ്ത വിപണി നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണനം നടന്നത് ഇതനുസരിച്ച് ബഹ്‌റൈന്‍ ദിനാറിന് 190.75, സൗദി റിയാലിന് 19.17, യു.എ.ഇ ദിര്‍ഹം19.56, ഖത്തര്‍ റിയാലിന് 19.73, ഒമാനി റിയാല്‍ 186.64, കുവൈത്ത് ദിനാര്‍ 237.34, എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ രാജ്യാന്തര വിപണി നിരക്ക്.
എന്നാല്‍ എക്‌സേഞ്ചുകളിലെത്തുന്നവര്‍ക്ക് ഈ ഓണ്‍ലൈന്‍ നിരക്കുകള്‍ പൂര്‍ണമായി ലഭിക്കാറില്ലെങ്കിലും എക്‌സേഞ്ചുകള്‍ തമ്മിലുള്ള കിട മത്സരം മൂലം ലക്ഷം രൂപയും അതിനു മുകളിലും അയക്കുന്നവര്‍ക്ക് സ്‌പെഷല്‍ നിരക്കും പ്രത്യേക ഓഫറുകളും സമ്മാനവും നല്‍കുന്ന എക്‌സേഞ്ചുകളുമുണ്ട്.
തങ്ങളുടെ ഉപഭോക്താക്കളെ മൊബൈല്‍ എസ്.എം.എസ് വഴി ആനുകൂല്യങ്ങള്‍ ഓഫര്‍ ചെയ്യുന്ന എക്‌സേഞ്ചുകളുമുണ്ട്.
ഏതായാലും രണ്ടു ദിവസത്തെ അവധിക്ക് ശേഷം രാജ്യാന്തര വിപണി തിങ്കളാഴ്ച ആരംഭിക്കുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ കൂടുതല്‍ ഇടിവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളിലേറെയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണെങ്കിലും നല്ല വിനിമയ നിരക്ക് പ്രവാസികള്‍ക്ക് ചാകരയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."