ഹത്രാസ്: രാജ്യാന്തര ഗൂഢാലോചന നടന്നെന്ന് എഫ്‌ഐആര്‍, പ്രതിഷേധിച്ചവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം അടക്കം വകുപ്പുകള്‍
ഉത്തര്‍പ്രദേശ്: ഹത്രാസ് ബലാത്സംഗ കൊലപാതക കേസില്‍ പ്രതിഷേധിക്കാര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി പുതിയ എഫ്.ഐ.ആര്‍. യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ ഗൂഢാലോചന നടന്നുവെന്നും കലാപത്തിന് നീക്കം നടന്നുവെന്നും പൊലീസ് പറയുന്നു.
വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാത്ത ആളുകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ഇത് രാജ്യാന്തര ഗൂഢാലോചനയാണെന്നുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
'ജസ്റ്റിസ് ഫോര്‍ ഹത്രാസ് വിക്ടിം' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌സൈറ്റില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിരോധമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്.
അതേസമയം, സംസ്ഥാന സര്‍ക്കാരിന് എതിരെ ഗൂഢാലോചന നടന്നെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അന്താരാഷ്ട്ര ഫണ്ടിങ്ങിലൂടെ ജാതിവര്‍ഗീയ കലാപങ്ങള്‍ക്ക് അടിത്തറപാകാന്‍ ശ്രമിച്ചുകൊണ്ട് പ്രതിപക്ഷം ഞങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ പാര്‍ട്ടികള്‍ കലാപം കാണാന്‍ ആഗ്രഹിക്കുന്നു. ഇത്തരം ഗൂഢാലോചനകള്‍ക്കെല്ലാമിടയില്‍ ഞങ്ങള്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.' യോഗി ആദിത്യനാഥ് പറഞ്ഞു.
സാമൂഹിക വിരുദ്ധരും ദേശ വിരുദ്ധരും ആയവര്‍ക്ക് സംസ്ഥാനത്തിന്റെ വികസനം അംഗീകരിക്കുന്നതില്‍ പ്രയാസം നേരിടുകയാണ്. കാരണം അവര്‍ എല്ലായ്‌പ്പോഴും കലാപബാധിതമായ ഉത്തര്‍പ്രദേശിനെയാണ് ആഗ്രഹിച്ചത്. അതിനാല്‍ അവര്‍ ഇപ്പോള്‍ ഗൂഢാലോചനകള്‍ നടത്തിവരികയാണ്.' യോഗി ആദിത്യനാഥ് പറയുന്നു.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരാഴ്ചയായി കോണ്‍ഗ്രസിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."