ഉന്തിനു പുറകേ തള്ളും ദേശീയപാതയില്‍ ഭീഷണിയുയര്‍ത്തുന്ന തണല്‍മരങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയുണ്ടായ കുരുക്കിനു പുറമേ വളപട്ടണം പാലത്തില്‍ ബസ് തകരാറിലായി
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തില്‍ വാഹനം കുടുങ്ങിയതും റോഡരികിലെ മരം മുറിയും യാത്രക്കാരെ കുരുക്കിലാക്കി. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന തണല്‍മരങ്ങള്‍ ഇന്നലെ രാവിലെ 10.30ഓടെ മുറിച്ചു മാറ്റുകയായിരുന്നു. ഇതുകാരണം കുരുക്കുമുറുകി വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി സ്ഥലത്ത് എത്തുകയും മരം മുറിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മരം മുറി കാരണമുണ്ടായ കുരുക്കഴിച്ചു വരുമ്പോളായിരുന്നു കെ.എസ്.ആര്‍.ടി.സി ബസിന്റെ വക അടുത്ത പണി. കുടിയാന്‍മലയില്‍ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് ഉച്ചയ്ക്ക് 12.45ഓടെ പാലത്തിനു നടുഭാഗത്ത് ബ്രേക്ക് ഡൗണായി.
ബസ് പാലത്തില്‍ കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. വളപട്ടണം ഖലാസികളുടെ ക്രെയിന്‍ എത്തിച്ചെങ്കിലും ബസിന്റെ ടയര്‍ ഉരുളാതിരുന്നതിനാല്‍ നീക്കം ചെയ്യാന്‍ സാധിച്ചില്ല. കണ്ണൂര്‍ ഡിപ്പോയില്‍ വിവരം അറിയിച്ചെങ്കിലും രണ്ടു മണിയോടെയാണ് റിക്കവറി വാന്‍ എത്തിയത്.
2.15ന് തകരാര്‍ പരിഹരിച്ച് ബസ് നീക്കം ചെയ്ത് കണ്ണൂരിലേക്ക് കൊണ്ടുപോയെങ്കിലും കുരുക്ക് തുടര്‍ന്നു.
സന്ധ്യയോടെയാണ് ദേശീയപാതയില്‍ ഗതാഗതകുരുക്കിന് അല്‍പമെങ്കിലും ശമനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."