എസ്.എഫ്.ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു
കോട്ടയം: അയ്മനത്ത് വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് രാജുഭവനില്‍ പ്രിന്‍സ് ആന്റണി (23), ഇടുക്കി ദേവികുളം സ്വദേശി ജെയിന്‍ രാജ് (22), കോട്ടയം കുറിച്ചി സ്വദേശി സിനു സിന്‍ഘോഷ് (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നുപേരും നാട്ടകം ഗവ. കോളജിലെ വിദ്യാര്‍ഥികളും എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകരുമാണെന്ന് പൊലിസ് അറിയിച്ചു. ഇതില്‍ സിനു ചങ്ങനാശ്ശേരിയിലെ തിയേറ്ററില്‍ പൊലിസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.
സംഘര്‍ഷം നടക്കുന്നെന്നറിഞ്ഞാണ് തങ്ങള്‍ സംഭവസ്ഥലത്തെത്തിയതെന്ന് പിടിയിലായവര്‍ പൊലിസിനോട് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിനെ ഒന്നാംപ്രതിയാക്കിയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ഇവരുള്‍പ്പെടെ 20ഓളം പേര്‍ക്കെതിരേയാണ് കേസ്. സംഭവത്തിനുശേഷം റിജേഷ് ഇപ്പോള്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് റിജേഷിനെ അറസ്റ്റുചെയ്യുമെന്ന് വെസ്റ്റ് എസ്.ഐ എം.ജെ അരുണ്‍ അറിയിച്ചു.
ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായതായും പൊലിസ് അറിയിച്ചു. വെസ്റ്റ് എസ്.ഐക്കാണ് കേസിന്റെ അന്വേഷണച്ചുമതല. പൊലിസിന്റെ അറസ്റ്റില്‍നിന്ന് രക്ഷപ്പെടാനാണ് റിജേഷ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് അറിയുന്നത്. ശനിയാഴ്ച രാത്രി 10.30ഓടെ കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിന് സമീപം കല്ലുമട റോഡില്‍ വഞ്ചിയത്ത് പി.കെ സുകുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിന്റെ നേതൃത്വത്തില്‍ വീടാക്രമിച്ചെന്നാണ് വീട്ടുകാര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."