പ്ലാസ്റ്റിക് കാരിബാഗ് വില്‍പന തുടര്‍ന്നാല്‍ നടപടി: കലക്ടര്‍
കണ്ണൂര്‍: പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍-നല്ല മണ്ണ് നല്ലനാട് പദ്ധതി നടപ്പാക്കിയിട്ടും പ്ലാസ്റ്റിക് കാരിബാഗുകളുടെ വില്‍പന തുടരുന്നവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നിര്‍ദേശം. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും പ്രമേയം പാസാക്കി നടപ്പാക്കിയ തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരേയാണു നടപടിയെന്നും നഗരസഭാ അധ്യക്ഷരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്ലാസ്റ്റിക് കാരിബാഗ് വിതരണം ചെയ്യാന്‍ ജൂലൈ വരെ ഒരു നഗരസഭ വ്യാപാരികള്‍ക്കു നല്‍കിയ ഇളവ് റദ്ദാക്കും. ബോധവല്‍ക്കരണത്തിനും ബദല്‍ സംവിധാനം കണ്ടെത്തുന്നതിനുമടക്കം വ്യാപാരികള്‍ക്ക് അഞ്ചുമാസത്തോളം സമയം അനുവദിച്ച പശ്ചാത്തലത്തില്‍ ഇനിയും ഇളവ് നല്‍കാനാവില്ലെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.നിരോധനം നടപ്പാക്കാത്തവര്‍ക്കുള്ള അന്ത്യശാസനമെന്നോണം നഗരസഭാധ്യക്ഷന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം ഓരോ നഗരസഭയിലും ഒരാഴ്ചയ്ക്കകം കടകളില്‍ പരിശോധന നടത്തും. കോര്‍പറേഷന്‍ പരിധിയില്‍ ഒരുമാസത്തിനകം നടത്തിയ റെയ്ഡുകളില്‍ 1.92 ടണ്‍ പ്ലാസ്റ്റിക് സഞ്ചികളാണു കടകളില്‍ നിന്നു പിടികൂടിയതെന്നു മേയര്‍ ഇ.പി ലത അറിയിച്ചു. ഇവരില്‍ നിന്നു 25000ത്തിലേറെ രൂപ പിഴയീടാക്കി. ഒരിക്കല്‍ പിടികൂടിയ സ്ഥാപനത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വീണ്ടും പരിശോധന നടത്തി ഇത് ആവര്‍ത്തിക്കുന്ന പക്ഷം കടയുടെ ലൈസന്‍സ് റദ്ദാക്കുന്നതിനു മുന്നോടിയായുള്ള നോട്ടിസ് നല്‍കും. നിരോധനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല പരിശോധനാ ടീം ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും.
റെയ്ഡുകളില്‍ പിടിച്ചെടുത്തതിലേറെയും നോണ്‍വൂവണ്‍ ബാഗുകളാണെന്നു ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് നോണ്‍വൂവണ്‍ ബാഗുകള്‍ വ്യാപാരികള്‍ ഉപയോഗിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. ഇത്തരം ബാഗുകളില്‍ നൂല്‍കൊണ്ടുള്ള തുന്നല്‍ ഉണ്ടാവില്ലെന്നതാണു പ്രത്യേകത. തുന്നുന്നതിനു പകരം യന്ത്രത്തിന്റെ സഹായത്തോടെ ഒട്ടിക്കുകയാണു ചെയ്യുന്നത്.
ഇത്തരം ബാഗുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനെതിരേ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."