തര്‍ക്കമുണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ
മൂന്നു പേര്‍ക്കെതിരേ കേസെടുത്തതായി പൊലിസ്
പൊന്നാനി: ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടിയുടെ വാദം പൊളിയുന്നു. അബ്ദുല്ലക്കുട്ടിയുമായി തര്‍ക്കമുണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തതായി പൊന്നാനി സി.ഐ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി വെളിയങ്കോട്ടെ ഹോട്ടലില്‍ വച്ച് ചിലര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് അബ്ദുല്ലക്കുട്ടിയുടെ പരാതി. രാത്രി മൂന്നു പേരോടൊപ്പമാണ് അബ്ദുല്ലക്കുട്ടി ഹോട്ടലിലെത്തിയതെന്ന് ഹോട്ടലുടമ മൊയ്തുട്ടി തെക്കുമ്പുറത്ത് പറഞ്ഞു. തുടര്‍ന്ന് ഭക്ഷണം കഴിക്കുകയും ചായ കുടിക്കുകയും ചെയ്തതിനു ശേഷം ഭക്ഷണത്തെപ്പറ്റി നല്ല അഭിപ്രായം പറയുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കു മടങ്ങുകയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. വീണ്ടും വരാമെന്നു പറഞ്ഞാണ് കടയില്‍ നിന്ന് പോയത്.
പുറത്തുവച്ച് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ എന്നറിയില്ല. പ്രശ്‌നമുണ്ടാകുന്ന ശബ്ദമൊന്നും കേട്ടിട്ടില്ല. രാവിലെ മാധ്യമങ്ങളില്‍ നിന്നാണ് അബ്ദുല്ലക്കുട്ടിയെ ഹോട്ടലില്‍ വച്ച് അപമാനിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അറിഞ്ഞതെന്നും കടയുടമ പറഞ്ഞു.
മൂന്നു പേര്‍ക്കെതിരേ അബ്ദുല്ലക്കുട്ടി പൊന്നാനി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ പൊലിസ് മേധാവി യു. അബ്ദുല്‍ കരിം വെളിയങ്കോട്ടെത്തി കടയുടമയില്‍ നിന്ന് മൊഴിയെടുത്തു.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ അബ്ദുല്ലക്കുട്ടിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്നു പേര്‍ക്കെതിരേ കേസെടുത്തതായി പൊന്നാനി സി.ഐ അറിയിച്ചു. ഹോട്ടലിലെ സി.സി.ടി.വി തകരാറിലാണ്. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. അബ്ദുല്ലക്കുട്ടി നല്‍കിയ വിവരങ്ങളനുസരിച്ച് അന്വേഷണം നടക്കുന്നതായി പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."