'ആഗസ്റ്റ് അഞ്ചിന് കശ്മീരി ജനത നേരിട്ട അധിക്ഷേപം ഒരിക്കലും മറക്കില്ല': ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ച് വീട്ടുതടങ്കലില്‍ നിന്ന് മോചിതയായ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ആഗസ്റ്റ് അഞ്ച് എന്ന കറുത്ത ദിവസം ഒരിക്കലും മറക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അന്ന് കശ്മീരി ജനത നേരിട്ട അധിക്ഷേപവും അപമാനവും എന്നും ഓര്‍മയിലുണ്ടാവും.
ആര്‍ട്ടിക്കിള്‍ 370 നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി കശ്മീര്‍ ജനതയോടുള്ള അധിക്ഷേപമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനുള്ള പോരാട്ടമാണ് ഇനി. അതിനായി മുന്നിട്ടിറങ്ങണമെന്നും അവര്‍ കശ്മീരി ജനതയോട് ആഹ്വാനം ചെയ്തു.
''ഡല്‍ഹി ദര്‍ബാര്‍ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും നമ്മില്‍ നിന്ന് എടുത്തത് (ആര്‍ട്ടിക്കിള്‍ 370) നമുക്ക് തിരിച്ചെടുക്കേണ്ടതുണ്ട്. ഇത് മാത്രമല്ല, കശ്മീരിലെ പ്രശ്‌നവും പരിഹരിക്കേണ്ടതുണ്ട്. നിരവധി കശ്മീരികള്‍ ജീവന്‍ ത്യജിച്ചതാണ്, പാത എളുപ്പമല്ലെന്ന് എനിക്കറിയാം, പക്ഷേ ഞങ്ങള്‍ ഈ സമരം തുടരേണ്ടതുണ്ട്. ഇന്ന്, എന്നെ വിട്ടയക്കുമ്പോള്‍, അനധികൃതമായി തടങ്കലില്‍ കഴിയുന്ന മറ്റുള്ളവരെ മോചിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു,'' മുഫ്തി ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ചയാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂലൈയില്‍ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് അഞ്ച് മുതല്‍ മെഹബൂബ മുഫ്തി തടവിലായിരുന്നു. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.
പൊതു സുരക്ഷാ നിയമ പ്രകാരമാണ് പിന്നീട് തടങ്കല്‍ കാലാവധി നീട്ടിയെതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.
ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല എന്നിവരെയാണ് തടങ്കലിലാക്കിയിരുന്നത്.മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെയും മകന്‍ ഉമര്‍ അബ്ദുല്ലയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."