നജീബ് അഹ്‌മദ്: കണ്ണീര്‍ പോരാട്ടത്തിന്റെ നാലു വര്‍ഷങ്ങള്‍
നജീബ് അഹമദ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യത്തിന്റെ നെഞ്ചത്ത് ഈ പേര് ഒരു ചോദ്യ ചിഹ്നമായി ഉയര്‍ന്നിട്ട് ഇന്നേക്ക് നാല് വര്‍ഷം പിന്നിടുന്നു. ന്യൂ ഡല്‍ഹിയിലെ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റിയില്‍ നിന്നും 2016 ഒക്ടോബര്‍ 15 നാണ് എം.എസ്.സി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹ്‌മദിനെ, എ.ബി.വി.പി സംഘടിത അക്രമത്തെ തുടര്‍ന്ന് കാണാതാവുന്നത്.
എന്നാല്‍ നാലാണ്ട് കഴിഞ്ഞിട്ടും രാജ്യമെങ്ങും നജീബിനായി പോര്‍വിളി മുഴക്കിയിട്ടും സോഷ്യല്‍ മീഡിയകളില്‍ ഹാഷ്ടാഗുകളും പ്രതിഷേധങ്ങളും കത്തിയിട്ടും... സങ്കടം ആര്‍ത്തലച്ച അവന്റെ ഉമ്മ അധികാര കേന്ദ്രങ്ങള്‍ കയറിയിറങ്ങിയിട്ടും അവര്‍ നിശബ്ദരാണ്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ വിഭാഗങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും മറുപടി ഒന്നു മാത്രം. അറിയില്ല. അവനെവിടെയെന്ന്. അവന്റെ കാണാതാവലിന് തെളിവുകളില്ല.
സി.ബി.ഐ അടക്കമുള്ള ഉന്നത കുറ്റാന്വേഷണ ഏജന്‍സികള്‍ വരെ ഈ തിരോധാന കേസിനു മുമ്പില്‍ നിഷ്‌ക്രിയമായി മുട്ടു മടക്കിയിരിക്കുന്നു. യഥാര്‍ത്ഥ പ്രതികളെയോ അവര്‍ക്ക് പിന്തുണ നല്‍കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയ നേതൃത്വത്തേയോ ഒന്ന് തൊടാന്‍ പോലും നമ്മുടെ രാജ്യത്തെ നീതിന്യായ സ്ഥാപനങ്ങള്‍ മടിക്കുന്നു.
നിലക്കാത്ത പോരാട്ടം....
നജീബിനെ കണ്ടെത്താനുള്ള നിയമപോരാട്ടത്തിലും നജീബിനെ കാണാതാക്കിയ സംഘപരിവാര്‍ ഹിംസക്കെതിരായ രാഷ്ടീയ പോരാട്ടത്തിലും സജീവസാന്നിധ്യമാണ് നജീബിന്റെ മാതാവ് ഫാത്തിമ നഫീസും സഹോദരി സദഫും.
നാലു വര്‍ഷമായി അവരുടെ മകനെ ഇവിടത്തെ പ്രമുഖ സര്‍വകലാശാലയില്‍ നിന്നും കാണാതായിട്ട്. ഇക്കാലമത്രയും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരക്ഷരം പോലും ഇക്കാര്യത്തില്‍ മിണ്ടിയിട്ടില്ല. രാജ്യത്തെ പ്രമുഖമായ മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ല. നജീബിനെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മര്‍ദ്ദിച്ച എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി പൊലിസോ യൂണിവേഴ്സിറ്റി അധികൃതരോ തയ്യാറായില്ല. ' എന്റെ മകനെ തല്ലിയവരെ അറസ്റ് ചെയ്യൂ.. അവരെ ചോദ്യം ചെയ്താല്‍ മനസ്സിലാവും അവന്‍ എവിടെയാണെന്ന് ' എന്ന് നിരവധി വേദികളില്‍ ഫാത്തിമ നഫീസ് ആവര്‍ത്തിച്ചു പറയുന്നു.
ജെ.എന്‍.യു വിലുള്ള വിശ്വാസം തനിക്കു നഷ്ടപ്പെട്ടെന്ന് നജീബിന്റെ മാതാവ് ഒരിക്കല്‍ പറയുകയുണ്ടായി. 'മാനവികവിരുദ്ധമായ നിലപാടുകളാണ് തങ്ങളോട് സ്വീകരിക്കുന്നത്. നിങ്ങളുടെ മകനോ മകളോ ആണ് ഒരുദിവസത്തേക്കു കാണാതാകപ്പെട്ടതെങ്കില്‍ താങ്കള്‍ എത്രത്തോളം അസ്വസ്ഥനാവും' എന്നാണു തനിക്കു വി.സിയോട് ചോദിക്കാനുള്ളത്- നഫീസ വികാരഭരിതയാവുന്നു.
കേസിനെ കുറിച്ച് പറയാന്‍ സി.ബി.ഐയില്‍ നിന്ന് ഒരാള്‍ പോലും എന്നെ വിളിച്ചിട്ടില്ല. ഞാന്‍ എത്രയോ തവണ അവരെ വിളിച്ചു. അവരുടെ ഓഫിസ് കയറിയിങ്ങി. എന്നാല്‍ അവര്‍ എന്നെ കാണാന്‍ പോലും വിസമ്മതിക്കുന്നു. പുതുതായി ഒന്നുമില്ലെന്നാണ് അവര്‍ പറയുന്നത്.
വര്‍ഷങ്ങളായി അവര്‍ പോരാട്ടത്തിലാണ്. ഡല്‍ഹിയില്‍ ഹൈദരാബാദില്‍ കേരളത്തില്‍ അങ്ങനെ രാജ്യമെങ്ങും അവര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. തന്റെ മകന് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ജിജ്ഞാസയോടെ സമര മുഖങ്ങളില്‍ നെട്ടോട്ടമോടുന്ന ഫാത്തിമ ഒടുവില്‍ പറഞ്ഞു വെക്കുന്നു: 'എന്റെ മകനെ കണ്ടെത്തിയാല്‍ അവനെ അക്രമിച്ച എല്ലാവര്‍ക്കും ഞാന്‍ പൊറുത്തു കൊടുക്കും'.
ആ രാത്രിയില്‍ നടന്നത്
ജെ.എന്‍.യുവിലെ ഹോസ്റ്റല്‍ ഇലക്ഷന്‍ സമയമായിരുന്നു. അന്ന് രാത്രി നജീബിന്റെ മുറിയിലെത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ ചെറിയൊരു വാക്കുതര്‍ക്കത്തിന് ശേഷം സംഘടിച്ചെത്തുകയും അവനെ ബാത്റൂമില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് വാര്‍ഡന്റെ റൂമിലേക്ക് കൊണ്ടുപോയി. വാര്‍ഡന്റെ റൂമിലെത്തും വരെ ഈ 15 ഓളം എ.ബി.വി.പി പ്രവര്‍ത്തകര്‍ മുസ്‌ലിം വിരുദ്ധ പദപ്രയോഗങ്ങളാല്‍ അധിക്ഷേപിക്കുകയും, ഇരുമ്പു വളകള്‍ ഉപയോഗിച്ച് നജീബിനെ ആക്രമിക്കുകയും ചെയ്തിരുന്നു.
അവിടെ നിന്നും നജീബിനെ കുറ്റക്കാരനാക്കി കൊണ്ടുള്ള ഒരു ലെറ്റര്‍ സംഘടിപ്പിച്ചിട്ടാണ് എ.ബി.വി.പിക്കാര്‍ മടങ്ങിയത്. നജീബിനെ അടിയന്തരമായി ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ കല്പിച്ചു കൊണ്ടുള്ള ആ ലേറ്ററില്‍ അന്നത്തെ സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ്, ഹോസ്റ്റല്‍ പ്രസിഡന്റ് എന്നിവര്‍ ഒപ്പു വെച്ചിട്ടുണ്ടായിരുന്നു.
അന്ന് രാത്രി തന്നെ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ നജീബ് ഹോസ്റ്റലില്‍ തിരിച്ചുവന്നു. രാവിലെ തന്റെ മാതാവിനെ വിളിച്ച നജീബ്, പെട്ടെന്ന് തന്നെ ക്യമ്പസില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും, ഉത്തര്‍ പ്രദേശിലെ ബദായൂനില്‍ നിന്നും എത്തിയ മാതാവ് ഫാത്തിമ നഫീസിന് മകനെ കാണുവാന്‍ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെ കാണാതായ നജീബിനെ കുറിച്ചുള്ള ഒരു വിവരവും ആര്‍ക്കും അറിയില്ല.
ഒരു പ്രതിഭയായിരുന്നു അവന്‍
രാജ്യത്തെ അനേകായിരം തിരോധാനങ്ങളില്‍ നിന്ന് അവനെ വ്യത്യസ്തനാക്കുന്നത് അവന്റെ സാമൂഹിക ഇടം തന്നെയാണ്. അനേകായിരം ആത്മഹത്യകളില്‍ നിന്ന് രോഹിത് വെമുല നമുക്കുള്ളില്‍ ഒരു ജ്വാല കൊളുത്തിയ പോലെ. ഒരു മുസ്‌ലിം ശാസ്ത്ര-വിദ്യാര്‍ത്ഥിയായിട്ടാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ നജീബ് എത്തുന്നത്. കേവലം മൂന്നു ശതമാനം മാത്രം മുസ്‌ലിം വിദ്യാര്‍ഥികളുള്ള ജെ.എന്‍.യുവില്‍, പ്രത്യേകിച്ച് ശാസ്ത്ര വിഭാഗത്തില്‍ അഡ്മിഷന്‍ ലഭിച്ച നജീബ് എന്ന പ്രതിഭാശാലി അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ഇരുണ്ട മൂലകളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട ഒരു സമുദായത്തിന്റെ പ്രതീകമായിരുന്നു. തങ്ങളുടെ മൊഹല്ലയില്‍ തന്നെ ആദ്യമായി ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ചത് നജീബിനായിരുന്നു എന്ന് ഫാത്തിമ പറയുമ്പോള്‍ ഇനിയുമായിരം നജീബുമാര്‍ക്ക് വഴികാണിക്കാനുള്ള വെട്ടം കൂടിയായിരുന്നു അവന്റെ സ്വപ്‌നങ്ങളെന്നാണ് വരച്ചു വെക്കുന്നത്.
അണയരുത് പ്രതിഷേധച്ചൂളകള്‍, വിട്ടുകൊടുക്കരുത് മറവിയിലേക്ക്
ഒരിക്കലും അണയാത്തൊരു ജ്വാലയായി എന്നുമുണ്ടാവണം നജീബ് അഹമദ് എന്ന നാമം. അവന്‍ വേട്ടയാടപ്പെട്ടത് എന്തിന്റെ പേരിലായിരുന്നു എന്നതും. മുസ്‌ലിം എന്ന അസ്തിത്വമാണ് ഒരു 'മായാജാലക്കാരന്റെ വടി കൊണ്ടെന്ന പോലെ'അവനെ ജനമധ്യത്തില്‍ നിന്ന് അപ്രത്യക്ഷനാക്കിയത്. അവനെ മറച്ച മായാജാലക്കാര്‍ക്ക് പക്ഷേ അന്ന് രാജ്യത്തെ മുഖ്യധാരാ സംഘടനകള്‍ പോലും അറിഞ്ഞോ അറിയാതെയോ കൊടിപിടിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ക്യാമ്പസിലെ മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ #MuslimLivesMatter എന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ അത് പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കലാണ് എന്ന മുദ്ര കുത്തി ഇവര്‍.
ദേശീയ മാധ്യമങ്ങള്‍ നജീബിന്റെ മുസ്‌ലിം-ഇസ്‌ലാം സ്വത്വത്തെ കേന്ദ്രീകരിച്ചു അദ്ദേഹത്തിന് ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന് കുപ്രചരണം നടത്തിയപ്പോഴും ഇവര്‍ക്കാര്‍ക്കും മറുപടിയില്ലായിരുന്നു. അതുകൊണ്ടു തന്നെ നജീബിന്റെ തിരോധനത്തെ കുറിച്ച ചര്‍ച്ചകളും പോരാട്ടങ്ങളും സമകാലിക ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ സാഹചര്യത്തില്‍ ഊന്നിക്കൊണ്ടു തന്നെയാണ് മുന്നോട്ടു പോവേണ്ടത്.
കൊവിഡ് തണുപ്പിച്ച സമരമുഖങ്ങള്‍ ഉണര്‍ന്നെണീക്കേണ്ടതുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പോര്‍മുഖങ്ങള്‍ ഇവിടെ ഉയരേണ്ടതുണ്ട്. മറവിയുടെ ആഴങ്ങളിലേക്ക് നാം വിട്ടു കളയരുത് ഈ ചെറുപ്പക്കാരനെ. ഇന്‍ശാ അല്ലാ അവന്‍ വരും എന്ന് ഫാത്തി നഫീസ് എന്ന ആ ഉമ്മ നെടുവീര്‍പ്പിടുമ്പോള്‍ അവനെ ഞങ്ങള്‍ കൊണ്ടു വരുമെന്ന് കരുത്താവണം രാജ്യത്തെ സമരയുവത്വങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."