ഖത്തറിലെ തൊഴിലാളികളുടെ സംശയ നിവാരണവുമായി തൊഴില്‍ മന്ത്രാലയം
ദോഹ: രാജ്യത്തെ തൊഴിലാളികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടിയായി ഭരണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ട്വിറ്ററില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റസിഡന്‍സ് പെര്‍മിറ്റ് കാലാവധി നീട്ടല്‍, പരാതികള്‍ എവിടെയാണ് സമര്‍പ്പിക്കേണ്ടത്, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, ജിസിസി രാജ്യങ്ങളിലെ വ്യക്തിയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ളവരുടെ നഷ്ടപ്പെട്ട വര്‍ക്ക് പെര്‍മിറ്റ് തിരികെ ലഭിക്കാനുള്ള അപേക്ഷ നല്‍കേണ്ടതെങ്ങിനെ, വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷ, വര്‍ക്ക് പെര്‍മിറ്റ് റദ്ദ് ചെയ്യേണ്ടതെങ്ങിനെ തുടങ്ങിയ നിരവധി സംശയങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രാലയം ട്വിറ്ററില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
തൊഴില്‍ മന്ത്രാലയ ആസ്ഥാനത്തെ 20 നിലയിലുള്ള ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആസ്ഥാനത്തേക്ക് നേരിട്ട് ചെന്നുകൊണ്ട് തൊഴിലാളികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് നമ്പര്‍ 13ലുള്ള ബ്രാഞ്ചിലും തൊഴിലാളികള്‍ക്ക് പരാതികള്‍ നല്‍കാവുന്നതാണ്.
തൊഴിലാളികളുടെ റസിഡന്‍സ് പെര്‍മിറ്റ് കാലാവധി നീട്ടുന്നതിനുള്ള സേവന അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനു മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നിരന്തരം പിന്തുടരണമെന്ന് കമ്പനികളെ തൊഴില്‍ മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. റസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനുദ്ദേശിക്കുന്ന തൊഴിലാളിയുടെ ഐഡി നമ്പര്‍ 92727 എന്ന നമ്പറിലേക്ക് കമ്പനികള്‍ എസ്എംഎസ് ചെയ്യേണ്ടതാണ്. കൂടുതല്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കാനുണ്ടെങ്കില്‍ എല്ലാവരുടെയും ഐഡി നമ്പറുകള്‍ അപേക്ഷയിലെ നിശ്ചിത സ്ഥാനത്ത് സ്‌പേസ് വിടാതെ രേഖപ്പെടുത്തി എസ്എംഎസ് ചെയ്യണം. അപേക്ഷ സ്വീകരിച്ചതായ മറുപടി മന്ത്രാലയത്തില്‍ നിന്നും ഉടനെ ലഭിക്കുന്നതാണെന്ന് മന്ത്രാലയം കമ്പനികളെ അറിയിച്ചു.
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും നഷ്ടപ്പെട്ട വര്‍ക്ക് പെര്‍മിറ്റ് വീണ്ടെടുക്കുന്നതിനുമുള്ള അപേക്ഷകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള ഏതെങ്കിലും സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."