സഹായം ലഭിച്ചില്ലെന്ന പരാതിയുമായി പ്രളയബാധിതര്‍
കോഴിക്കോട്: ജില്ലയില്‍ പ്രളയ ദുരിതാശ്വാസ തുക നല്‍കുന്നതില്‍ വീഴ്ചയെന്ന പരാതിയുമായി ദുരിതബാധിതര്‍. പ്രളയ ബാധിതര്‍ക്ക് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ ലഭിച്ചില്ലെന്നാണ് നിരവധി പേരും പരാതിപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10,97,40,000 രൂപയാണ് കോഴിക്കോട് ജില്ലക്ക് അനുവദിച്ചത്. സര്‍ക്കാര്‍ കണക്കുപ്രകാരം 17700 പേര്‍ക്കാണ് ജില്ലയില്‍ ദുരിതാശ്വാസത്തിന് അര്‍ഹരായവര്‍. വിവിധ വില്ലേജ് ഓഫിസര്‍മാരാണ് അതതു പ്രദേശത്തെ പ്രളയ ബാധിതരുടെ കണക്കെടുക്കുന്നത്. ഇവര്‍ നല്‍കുന്ന പട്ടികയനുസരിച്ചാണ് അടിയന്തര സഹായം അനുവദിക്കുന്നതും.
എന്നാല്‍ അര്‍ഹരായവരില്‍ പലരും പട്ടികയില്‍ ഇടം നേടിയില്ലെന്നും അനര്‍ഹര്‍ കടന്നുകൂടിയെന്നുമാണ് പ്രളയമേഖലയിലുള്ളവര്‍ പരാതിപ്പെടുന്നത്. കുന്ദമംഗലം വില്ലേജിനെതിരേയാണ് കൂടുതല്‍ പരാതികളും ഉയര്‍ന്നത്. ഇവിടെ സര്‍വകക്ഷി പ്രതിനിധി സംഘം നടത്തിയ സര്‍വേയില്‍ 285 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തി. ഇവരുടെ വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി നാശനഷ്ടം നേരിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടം നേടിയത് 171 പേരാണ്. വില്ലേജില്‍ 420 വീടുകളിലാണ് വെള്ളം കയറിയത്. 14ന് പുലര്‍ച്ചെ മുതലാണ് പൂനൂര്‍പുഴ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി തുടങ്ങിയത്. 17ന് വൈകിട്ടാണ് വെള്ളം ഇറങ്ങിയത്. ദുരിതാശ്വാസ ക്യാംപിലും ബന്ധുവീടുകളിലുമാണ് ഇവര്‍ അഭയം തേടിയിരുന്നത്.
പ്രളയബാധിതരുടെ എണ്ണം കൂടുതലുള്ളതിനാല്‍ പ്രളയം സാരമായി ബാധിച്ചവരെ കണ്ടെത്താന്‍ നിര്‍ദേശമുണ്ടായതോടെയാണ് പലരും പട്ടികയില്‍ നിന്ന് പുറത്തായതെന്നും അപേക്ഷയിലെ പോരായ്മകള്‍ പരിഹരിച്ച് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുമെന്നുമാണ് വില്ലേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അംഗങ്ങളായ വീടുകള്‍, വിദേശത്ത് ജോലിയുള്ളവരുടെ വീടുകള്‍ എന്നിവയാണ് ഒഴിവാക്കപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെലവൂര്‍ വില്ലേജിലും 200 ലേറെ വീടുകളില്‍ വെള്ളം കയറിയെങ്കിലും ദുരിതാശ്വാസ പട്ടികയില്‍ പെട്ടത് 40 വീടുകളാണ്. മാവൂരിലെ തെങ്ങിലക്കടവിലും പെരുവയല്‍ പഞ്ചായത്തിലെ പെരുവയലിലും അര്‍ഹരായവര്‍ പട്ടികയില്‍ ഇടം നേടിയില്ലെന്ന് പരാതിയുമുണ്ട്.
വീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും നശിച്ചവര്‍ക്കും കിണര്‍ മലിനമായവര്‍ക്കും ചുമരിനും തറയിലും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."