പാകിസ്താനില്‍ വന്‍ സര്‍ക്കാര്‍ വിരുദ്ധ റാലി
ലാഹോര്‍: രാജ്യത്തെ 11 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ പാകിസ്താന് ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ഇമ്രാന്ഖാന് സര്‍ക്കാരിനെതിരേ വന്‍ ബഹുജന റാലി. ഇമ്രാന്ഖാന് ഭരിക്കാന്‍ കഴിവില്ലാത്തയാളാണെന്ന് തെളിയിച്ചതായും സ്വേച്ഛാധിപതിയേക്കാള്‍ മോശമാണെന്നും ഇമ്രാന്‍ഖാനെ പുറത്താക്കാനായി നടത്തിയ രണ്ടാമത്തെ റാലിയില്‍ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
വെള്ളിയാഴ്ച ലാഹോറിലായിരുന്നു ആദ്യ റാലി. അടുത്തവര്‍ഷം ജനുവരിയില്‍ നടത്തുന്ന ലോങ് മാര്‍ച്ചോടെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇമ്രാന്ഖാന് സര്‍ക്കാര്‍ ഭരിക്കാനറിയാത്തവരാണെന്നും ഏതൊരു ഏകാധിപതിയും പരാജയപ്പെടുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നതെന്നും പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു.
പാകിസ്താന് മുസ്ലിം ലീഗ് (നവാസ്) വൈസ് പ്രസിഡന്റ് മര്‍യം നവാസ്, പഖ്ത്തൂണ്‍ഖ്വ മില്ലി അവാമി പാര്‍ട്ടി ചെയര്മാന് മഹ്മൂദ് അക്കാക്സായ്, ജാമിയെ ഉലമായെ ഇസ്ലാം ഫസല്‍ നേതാവ് മൗലാന ഫസലുര്‍റഹ്മാന്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. എതിരാളികളെ ഒറ്റുകാരായി വിശേഷിപ്പിക്കുന്ന ഇമ്രാന്ഖാന് ഭീരുവാണെന്ന് മര്‍യം നവാസ് പറഞ്ഞു. നേരത്തെ നവാസ് ശരീഫിനെ രാജ്യത്തെത്തിച്ച് ജയിലിലടയ്ക്കുമെന്ന് ഇമ്രാന്ഖാന് പ്രഖ്യാപിച്ചിരുന്നു.അതിനിടെ, നവാസ് ശരീഫിന്റെ മകള്‍ മര്‍യം നവാസിന്റെ ഭര്‍ത്താവ് സഫ്ദര്‍ അവാനെ പൊലിസ് അറസ്റ്റ് ചെയ്തു. കറാച്ചിയില്‍ അവര്‍ താമസിക്കുന്ന ഹോട്ടലിലെത്തിയായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."