കാസര്‍കോട്ട് അട്ടിമറിയുണ്ടായി: സി.പി.എം വോട്ടുകള്‍ ഉണ്ണിത്താനുപോയതിനു പിന്നില്‍ ഗൂഡാലോചന നടന്നു
തിരുവനന്തപുരം: ഇടതുമുന്നണിയുടെ കോട്ടയായ കാസര്‍കോട് മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രന്റെ കനത്ത തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ അട്ടിമറിയാണെന്നും പാര്‍ട്ടിയില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും ഇന്നലെ സംസ്ഥാന കമ്മിറ്റിയില്‍ വടക്ക് നിന്നുള്ള ഒരു സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ആരോപണം.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ മടിക്കൈ, ബങ്കളം, നീലേശ്വരം, ബേഡകം, പയ്യന്നൂര്‍, കല്ല്യാശേരി എന്നിവിടങ്ങളിലെ കനത്ത വോട്ട് ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കണം. ചില ബൂത്തുകളില്‍ ഇരുന്നൂറും മുന്നൂറും വോട്ടുകള്‍ മറിഞ്ഞിട്ടുണ്ട്. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുചോര്‍ച്ചയും അന്വേഷിക്കണം. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 16,000 വോട്ടിന്റെ ഭൂരിപക്ഷം 2,000 ആയി ചുരുങ്ങി. ന്യൂനപക്ഷ ഏകീകരണമാണ് പരാജയ കാരണമെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. കാരണം ജനസ്വാധീനമുള്ള സ്ഥാനാര്‍ഥിയായിരുന്നു സതീഷ് ചന്ദ്രന്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പുറത്തു നിന്നുള്ള ആളായിരുന്നിട്ടും മണ്ഡലം പിടിച്ചെടുത്തു. പാര്‍ട്ടി വോട്ടുകള്‍ കാര്യമായി ഉണ്ണിത്താന് പോയിട്ടുണ്ട്. സതീഷ്ചന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് സതീഷ്ചന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയത്.അതുകൊണ്ടായിരിക്കാം സതീഷ് ചന്ദ്രനെതിരെ പാര്‍ട്ടി വോട്ടുകള്‍ മറിയാന്‍ കാരണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്കിടയില്‍ ആരോപണം ഉയര്‍ന്നു.
കണ്ണൂര്‍, വടകര എന്നീ മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ഏകീകരിച്ചതും ബി.ജെ.പിയുടെ സഹായവും പാര്‍ട്ടി എതിരാളികളുടെ കൂട്ടായ്മയുമാണ് തോല്‍വിക്ക് കാരണമെന്നാണ് ഇന്നലെ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയത്.
പത്തു മണ്ഡലങ്ങളുടെ റിപ്പോര്‍ട്ടാണ് ഇന്നലെ ചര്‍ച്ചയ്ക്ക് വച്ചത്. ബാക്കി മണ്ഡലങ്ങളുെട റിപ്പോര്‍ട്ട് ശനിയാഴ്ച ചര്‍ച്ച ചെയ്യും. പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ പ്രത്യേക കമ്മിഷനുകളെയും പാര്‍ട്ടിയുടെ ചോര്‍ന്നു പോയ വോട്ട് ബാങ്ക് തിരിച്ചു പിടിയ്ക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ മറ്റൊരു കമ്മീഷനെയും നിയോഗിച്ചേക്കും.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."