കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; വിധി പ്രസ്താവിക്കുന്നതുവരെ പ്രതികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്ന് കോടതി
കൊച്ചി: കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വമായ ഉപാധിയോടെ മുന്‍കൂര്‍ ജാമ്യം. കേസില്‍ അന്തിമവിധി പ്രസ്താവിക്കുന്നതു വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന ഉപാധിയോടെയാണ് പ്രതികളായ കോളജ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്.
പാലക്കാട് നെന്‍മാറ എന്‍.എസ്.എസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ അമീഷ, മണികണ്ഠന്‍, എസ്. ശ്യാമേഷ്, എസ്. അജയകുമാര്‍, ആദര്‍ശ്, അക്ഷയ്, സുജിത്, അജിത്, എം. ശ്രീഹരി, രാകേഷ്, മുഹമ്മദ് അന്‍ഫല്‍, വി. വീരേന്ദ്രന്‍, വി.എം വരുണ്‍ എന്നിവര്‍ക്കാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 21ന് രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണിവര്‍. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് കലാപാന്തരീക്ഷമുണ്ടാക്കി മാരകായുധങ്ങളുമായി അക്രമിച്ചു പരുക്കേല്‍പ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
ഇരുമ്പുവടി കൊണ്ട് അക്രമം നടത്തിയെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ക്കടക്കം ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ കാര്യമായി എതിര്‍ത്തില്ല. പ്രതികളെല്ലാവരും 19നും 21നും ഇടയില്‍ മാത്രം പ്രായമുള്ളവരാണെന്നതും മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളായിട്ടില്ലെന്നതും കണക്കിലെടുത്ത കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ വിനാശകരമായ പ്രവണത കാംപസുകളിലെ സമാധാനാന്തരീക്ഷത്തെ മലിനമാക്കുകയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാലും സംഘടനാ പ്രവര്‍ത്തനം തുടരാന്‍ ഇവരെ അനുവദിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, നിലവിലെ കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും വരെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍നിന്ന് ഇവരെ വിലക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ജാമ്യ ഉപാധികളിലൊന്നായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
അറസ്റ്റ് ചെയ്യുന്നപക്ഷം 35,000 രൂപയ്ക്ക് സമാനമായ തുകക്കുള്ള രണ്ടാള്‍ ജാമ്യത്തില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നു തന്നെ വിട്ടയക്കാനാണ് ഉത്തരവ്. അറസ്റ്റുണ്ടായില്ലെങ്കില്‍ പത്ത് ദിവസത്തിനകം ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."