വ്യാജപ്രചാരണം: ഡോ. നജ്മ സലിം പൊലിസില്‍ പരാതി നല്‍കി
കൊച്ചി: കളമശേരി ഗവ.മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി ജീവനക്കാരുടെ അനാസ്ഥമൂലം മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വീഴ്ചകള്‍ വെളിപ്പെടുത്തിയ ജൂനിയര്‍ ഡോ. നജ്മ സലിം തനിക്കെതിരേ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരേ കളമശ്ശേരി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. മെഡിക്കല്‍ കോളജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാണിച്ചതിന് പിന്നാലെ സി.പി.എം മുഖപത്രമായ ദേശാഭിമാനിയും സി.ഐ.ടി.യു കളമശേരി കമ്മിറ്റിയും ഗവ.നഴ്‌സസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പും സുധീര്‍ കെ.എച്ച് എന്ന വ്യക്തിയും ഉള്‍പ്പെടെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തികച്ചും വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരേ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
താന്‍ കെ.എസ്.യു പ്രവര്‍ത്തകയാണെന്നും നേതാവാണെന്നുമുള്ള തരത്തിലും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപവും നടത്തുന്നു. വീഴ്ചകള്‍ തുറന്നുപറഞ്ഞതോടെ സമൂഹമാധ്യമങ്ങളില്‍ താന്‍ ആക്രമണത്തിനിരയാവുകയാണെന്നും ഇതേതുടര്‍ന്ന് തനിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാവുമോയെന്ന് ഭയമുണ്ടെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് വേഗത്തില്‍ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി സൈബര്‍ സെല്ലിന് കൈമാറിയതായി കളമശേരി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."