നീതി ലഭിക്കണം; ഹാരിസിന്റെ ബന്ധുക്കള്‍ നിയമനടപടിക്ക്
മട്ടാഞ്ചേരി: ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ട ഫോര്‍ട്ട്‌കൊച്ചി സ്വദേശി ഹാരിസിന്റെ ബന്ധുക്കള്‍ നിയമനടപടിയിലേക്ക് നീങ്ങുന്നു. മരണത്തില്‍ അപാകത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കൊച്ചി എം.എല്‍.എ, കലക്ടര്‍ എന്നിവര്‍ക്ക് ബന്ധുക്കള്‍ നിവേദനം നല്‍കിയിരുന്നു.
ഭാര്യാ സഹോദരന്‍ അന്‍വര്‍ കളമശ്ശേരി പൊലിസിലും പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അവഗണിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. ഹാരിസിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് മരണസമയത്ത് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടന്ന രോഗീപരിചരണ വീഴ്ചയും തുടര്‍സംഭവങ്ങളും വിവാദമായപ്പോള്‍ നിഷേധവുമായി മെഡിക്കല്‍ കോളജ് അധികൃതരെത്തിയതും വിഷയമുന്നയിച്ചവര്‍ക്കെതിരെ നടപടികള്‍ കൈക്കൊണ്ടതും വീഴ്ച മറച്ചുവയ്ക്കാനാണ്.
വിദേശത്തുനിന്നെത്തിയ ഹാരിസ് കൊവിഡ് ചികിത്സയിലിരിക്കേയാണ് മെഡിക്കല്‍കോളജില്‍വച്ച് ജൂലൈ 20ന് മരണപ്പെട്ടത്. ഇതില്‍ബന്ധുക്കള്‍ അന്നേ സംശയം പ്രകടിപ്പിച്ചിരുന്നു. മരണ കാരണത്തെക്കുറിച്ചറിയാന്‍ സൂപ്രണ്ടിനെ സമീപിച്ചെങ്കിലും അവഗണിക്കപ്പെടുകയായിരുന്നുവെന്ന് ബന്ധു റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."