വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ വിമാനത്താവളത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
ജിദ്ദ: അടുത്ത മാസം മുതൽ വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഹജ്, ഉംറ ടെര്‍മിനലില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും പ്രോട്ടോകോളുകളും പാലിച്ചാണ് ഉംറ തീര്‍ഥാടകരെ സ്വീകരിക്കുക. തീര്‍ഥാടകരും ജീവനക്കാരും അടക്കം എല്ലാവര്‍ക്കുമിടയില്‍ ശാരീരിക അകലം ഉറപ്പു വരുത്താനും കൗണ്ടറുകളില്‍ സുരക്ഷിത അകലം പാലിക്കാനും മുഴുവന്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് ഹജ്, ഉംറ ടെര്‍മിനല്‍ നടത്തിപ്പ് കരാറേറ്റെടുത്ത കമ്ബനി സി.ഇ.ഒ എന്‍ജിനീയര്‍ അദ്‌നാന്‍ അല്‍സഖാഫ് പറഞ്ഞു.
തുടക്കത്തില്‍ വളരെ പരിമിതമായ തോതിലാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ എത്തുകയെങ്കിലും വിദേശ തീര്‍ഥാടകരുടെ എണ്ണം ക്രമേണ വര്‍ധിക്കും.തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും അവര്‍ക്ക് സേവനങ്ങള്‍ നല്‍കാനും നിരവധി ജീവനക്കാരെ നിയോഗിക്കും. ഹജ്, ഉംറ ടെര്‍മിനലില്‍ ചില വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. തീര്‍ഥാടകരുടെ പ്രവേശന കവാടങ്ങളെയും തീര്‍ഥാടകര്‍ പുറത്തിറങ്ങുന്ന കവാടങ്ങളെയും വികസന പദ്ധതികള്‍ നടക്കുന്ന പ്രദേശങ്ങളെയും വേര്‍തിരിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ഒരുക്കങ്ങളും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും എന്‍ജിനീയര്‍ അദ്‌നാന്‍ അല്‍സഖാഫ് പറഞ്ഞു.
അതേ സമയം മൂന്നാം ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും ചുരുങ്ങിയത് രണ്ടര ലക്ഷം തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹജ്, ഉംറ ദേശീയ കമ്മിറ്റി അംഗവും മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സിനു കീഴിലെ ഹോട്ടല്‍ കമ്മിറ്റി അംഗവുമായ ഹാനി അലി അല്‍ഉമൈരി പറഞ്ഞു. വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിച്ച് സേവനങ്ങള്‍ നല്‍കാന്‍ 531 ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും സുസജ്ജമാണ്. മക്കയില്‍ ഹോട്ടല്‍, ഗതാഗത, വ്യാപാര മേഖലകളില്‍ ബിസിനസ് 25 ശതമാനം തോതില്‍ വര്‍ധിക്കാന്‍ വിദേശ തീര്‍ഥാടകര്‍ക്കുള്ള അനുമതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ വിദേശ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തുന്നതിലൂടെ ബന്ധപ്പെട്ട മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് 25 കോടി റിയാലിന്റെ വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിദേശ ഉംറ തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിക്കുന്നത് 6,500 ഓളം വിദേശ ഉംറ ഏജന്‍സികളും 32 സൈറ്റുകളും പോര്‍ട്ടലുകളും കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."