ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം- സുപ്രിംകോടതി
ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ അപമാനിക്കപ്പെട്ട പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സുപ്രിംകോടതി വിധി.
രണ്ട് പതിറ്റാണ്ട് പിന്നിട്ട സഹനത്തിനും നിയമ പോരാട്ടത്തിനും നഷ്ടങ്ങള്‍ക്കും ഒടുവിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹരജിയെത്തുടർന്നാണ് കോടതി വിധി.
ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം
കേസ് അന്വേഷിച്ചിരുന്ന മുന്‍ ഡി.ജി.പി സിബി മാത്യൂസ്, എസ്.പിമാരായിരുന്ന കെ.കെ. ജോഷ്വ, എസ്.വിജയന്‍ എന്നീ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും കോടതി വിധി പുറപ്പെടുവിച്ചു. മൂന്നംഗ സമിതിയായിരിക്കും ഇത് അന്വേഷിക്കുക. ഡി.കെ ജയിന്‍ അധ്യക്ഷനായ ഈ സമിതിയില്‍ കേന്ദ്ര, സംസ്ഥാന പ്രതിനിധികളുമുണ്ടാവും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഇവര്‍ക്കെതിരെ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
വിധിയില്‍ സന്തോഷം
സുപ്രിംകോടതി വിധി സന്തോഷമുണ്ടാക്കുന്ന കാര്യമെന്ന് നമ്പി നാരായണന്‍. വിധി പ്രസ്താവം കിട്ടിയ ശേഷം നീതി കിട്ടിയോ എന്നു പറയാം. നീണ്ട കാത്തിരിപ്പിനു ശേഷമുള്ള സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.
1994 നവംബര്‍ 30നാണ് ചാരവൃത്തി ആരോപിച്ച് നമ്പി നാരായണനെ കേരളാ പൊലിസ് അറസ്റ്റ് ചെയ്തത്. മാലിദ്വീപ് റാക്കറ്റ് ഉള്‍പ്പെട്ട സംഘത്തിന് ഔദ്യോഗിക രഹസ്യം ചോര്‍ത്തിയെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് 50 ദിവസം ജയിലില്‍ അടക്കുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."