കളഞ്ഞുകിട്ടിയ 40 പവനും ഒരു ലക്ഷം രൂപയും ബംഗാളി യുവാവ് തിരിച്ചു നല്‍കി
പൊന്നാനി: ബംഗാളിയുടെ നല്ല മനസില്‍ തിരികെ കിട്ടിയത് നഷ്ടപ്പെട്ട 40 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും. ആളം ദ്വീപിലെ ഒരു വീടിന്റെ നിര്‍മാണത്തൊഴിലിന് എത്തിയ കൊല്‍ക്കത്ത സ്വദേശിയായ മുനീറുല്‍ ഇസ്‌ലാം എന്ന യുവാവാണ് കളഞ്ഞുകിട്ടിയ ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണവും പണവും തിരിച്ചേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ആളം പാലത്തിനടുത്ത് നിന്നാണ് മുനീറിന് ബാഗ് കിട്ടിയത്. തുറന്നുനോക്കിയപ്പോള്‍ താലിയും മാലയും വളയും മറ്റു ആഭരണങ്ങളുമുള്‍പ്പെടെ 40 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും പിന്നെ വിവിധ ബാങ്കുകളുടെ കാര്‍ഡുകളും .
അര്‍ഹിക്കാത്തത് ലഭിച്ചതിന്റെ ഞെട്ടല്‍ മാറാത്ത മുനീറുല്‍ ഇസ്‌ലാം ഉടന്‍ തന്നെ തന്റെ കരാറുകാരനായ കാഞ്ഞിരമുക്ക് സ്വദേശി രാജന് സാധനങ്ങളെല്ലാം കൈമാറി. അങ്ങനെ അന്വേഷണം ഉടമയെക്കുറിച്ചായി. ഒടുവില്‍ ആളം ദ്വീപില്‍ തന്നെയുള്ള ഉടമയെ കണ്ടെത്തി. ഷഹല എന്നു പേരുള്ള യുവതിയുടേതായിരുന്നു നഷ്ടപ്പെട്ട ബാഗ് .
നഷ്ടമായ സ്വര്‍ണവും പണവുമോര്‍ത്ത് വാവിട്ടു കരയുകയായിരുന്ന ആ കുടുംബത്തിന് നഷ്ടപ്പെട്ടതല്ലാം സുരക്ഷിതമായി കിട്ടിയെന്ന വാര്‍ത്ത വിവരിക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. മുനീറുല്‍ ഇസ്‌ലാമിന്റെ സാന്നിധ്യത്തില്‍ തന്നെ നഷ്ടപ്പെട്ടതെല്ലാം ഉടമയ്ക്ക് തിരികെ നല്‍കി .
ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് നന്ദി സൂചകമായി ആ കുടുംബം പണം നല്‍കിയപ്പോള്‍ തന്റെ നന്മക്ക് വിലയിടാനാവില്ലെന്ന് പറഞ്ഞ് മുനീറുല്‍ ഇസ്‌ലാം സ്‌നേഹപൂര്‍വം നിരസിച്ചതോടെ ഒരു നാട് മുഴുവന്‍ ആ ഇതര സംസ്ഥാന തൊഴിലാളിയുടെ നല്ല മനസിന് മുന്നില്‍ ശിരസ്‌കുനിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി മുനീറുല്‍ ഇസ്‌ലാം തന്റെ സഹോദരങ്ങളുമൊത്ത് പൊന്നാനി ബിയ്യത്താണ് താമസം. രണ്ട് കുട്ടികളും ഭാര്യയും നാട്ടിലാണ്. ആ നല്ല മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നാണ് മുനീറുല്‍ ഇസ്‌ലാമിന്റെ കരാറുകാരനായ രാജനും കൂടെ ജോലി ചെയ്യുന്നവരും പറയുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."