സംവരണസമുദായ അംഗങ്ങളുടെ കൂട്ടായ്മയെ വര്‍ഗീയ സംഘാടനമാക്കി എല്‍.ഡി.എഫ്
മലപ്പുറം: സംവരണ സമുദായ സംഘടനകളുടെ കൂട്ടായ്മയെ വര്‍ഗീയ സംഘാടനമായി ആക്ഷേപിച്ച് എല്‍.ഡി.എഫ്. ഭരണഘടനാപരമായ ചുമതല നിര്‍വഹിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരേ വിവിധ സംഘടനകളെ ഉപയോഗിച്ച് തീവ്ര മതവര്‍ഗീയ സംഘാടനത്തിനാണ് മുസ്‌ലിം ലീഗ് ശ്രമിക്കുന്നതെന്നും ചില സമുദായ, മതസംഘടനകളെ കൂട്ടുപിടിച്ചാണ് ലീഗ് വര്‍ഗീയവല്‍കരണം നടത്തുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ നേട്ടമുണ്ടാവും. അതിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണം ഉറപ്പുമാണ്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ലീഗിന്റെ ഓരോ നീക്കങ്ങളും. സാധാരണ ജമാഅത്തെ ഇസ്‌ലാമിയാണ് ഇത്തരത്തില്‍ തീവ്രമതവല്‍ക്കരണം നടത്താറുള്ളത്. എന്നാല്‍, ഇത്തവണ മുസ്‌ലിം ലീഗാണ് അങ്ങനെ ചെയ്യുന്നത്. അവര്‍ക്ക് മുഖ്യ ശത്രു ബി.ജെ.പിയല്ല, സി.പി.എമ്മാണ്.
മുന്നോക്ക സംവരണം പാര്‍ലമെന്റ് പാസാക്കിയ കേന്ദ്രനിയമമാണ്. അതിലേക്ക് സംസ്ഥാനസര്‍ക്കാരിനെ വലിച്ചിഴക്കേണ്ട കാര്യമില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനുമാകില്ല. ഭരണഘടനാ ചുമതല നിര്‍വഹിക്കുക എന്ന കടമ മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തത്. എന്നിരിക്കെ ബോധപൂര്‍വമായ കുപ്രചാരണമാണ് ലീഗ് നടത്തുന്നതെന്നും എ. വിജയരാഘവന്‍ കുറ്റപ്പെടുത്തി. സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയാണ് ലീഗ് ചെയ്യുന്നതെന്ന് ആരോപിച്ച അദ്ദേഹം, ഈ വിഷയത്തില്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പാര്‍ലമെന്റ് പാസാക്കിയ കേന്ദ്രനിയമമായ കശ്മിരിന്റെ പ്രത്യേക അവകാശം സംബന്ധിച്ച 370ാം വകുപ്പ്, പൗരത്വ നിയമ ഭേദഗതി എന്നിവയ്‌ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിച്ച ഇടതുപക്ഷ നിലപാട് ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യങ്ങളിലെല്ലാം എല്‍.ഡി.എഫിന് കൃത്യമായ നയമുണ്ടെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."