കാണാതായ വ്യോമസേനാ വിമാനം കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനയുടെ എ.എന്‍- 32 വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ ഉപഗ്രഹങ്ങളും നാവികസേനാ ചാരവിമാനവും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രകൃതിയും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിങ് (എ.എല്‍.ജി) ഗ്രൗണ്ടിലേക്ക് 13 യാത്രക്കാരുമായി തിരിച്ച വിമാനമാണ് മെന്‍ചുക വനഭാഗത്തുവച്ച് കാണാതായത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. കാണാതായവരില്‍ മലയാളിയായ ഫ്‌ളൈറ്റ് എന്‍ജിനിയറായ കൊല്ലം ഏരൂര്‍ ആലഞ്ചേരി വിജയ വിലാസത്തില്‍ (കൊച്ചു കോണത്ത് വീട്) അനൂപ് കുമാറും (29)ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
മഴയും മൂടല്‍മഞ്ഞും നിറഞ്ഞ കാലാവസ്ഥയാണ് തിരച്ചില്‍ ദുഷ്‌കരമാക്കുന്നത്. ഐ.എസ്.ആര്‍.ഒ.യുടെ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്.
വ്യോമസേനയുടെ സുഖോയ് വിമാനങ്ങളും സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങളും കരസേനയുടെ എം.ഐ. ഹെലികോപ്റ്ററുകളും തിങ്കളാഴ്ച മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ചെന്നൈയിലെ ആര്‍ക്കോണത്തുനിന്നെത്തിച്ച നാവികസേനയുടെ പി.8-ഐ വിമാനവും തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരച്ചിലിനു സഹായകരമായ അത്യാധുനിക ഇലക്ട്രോ ഒപ്റ്റിക്കല്‍, ഇന്‍ഫ്രാ റെഡ് സെന്‍സറുകളും സിന്തറ്റിക് റഡാറുകളും ഘടിപ്പിച്ചതാണ് ഈ വിമാനം.
കരസേനയുടെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസും സൈന്യവും അസം-അരുണാചല്‍പ്രദേശ് വനമേഖലയില്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടയില്‍ പര്‍വത മേഖലയില്‍ കറുത്ത പുക ഉയരുന്നത് കണ്ടതായി ഗ്രാമീണര്‍ പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു വെളിപ്പെടുത്തി. ഇക്കാര്യം ശരിയാണോ എന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മോളോ ഗ്രാമത്തിലുള്ള മൂന്നു പേരാണ് തിങ്കളാഴ്ച ഉച്ചയോടെ പര്‍വതമേഖലയില്‍ പുകച്ചുരുള്‍ കണ്ടത്. ഗ്രാമത്തില്‍ നിന്നും എട്ടുകിലോമീറ്ററോളം ദൂരെയായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു. വ്യോമസേനയും കരസേനയും പൊലിസും ഉള്‍പ്പെട്ട സംഘം ഇവിടെ തിരച്ചില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."