നാട്ടുകാര്‍ക്ക് ചാകര നല്‍കി മത്സരക്കച്ചവടം
മുക്കം: വ്യാപാരികള്‍ തമ്മിലുള്ള മത്സരക്കച്ചവടം നാട്ടുകാര്‍ക്ക് ചാകരയാകുന്നു. മത്സരം മുറുകിയതോടെ മുക്കത്തും പരിസര പ്രദേശങ്ങളിലും കോഴിയിറച്ചിയുടെ വില ഗണ്യമായി കുറഞ്ഞു. മുക്കം ടൗണില്‍ കോഴിക്ക് 70 രൂപയും കോഴിയിറച്ചിക്ക് 100 രൂപയുമാണ് ഇപ്പോഴത്തെ വില.
നെല്ലിക്കാപറമ്പ് ജി.കെ.എസ് ചിക്കന്‍ സ്റ്റാളില്‍ കഴിഞ്ഞ ദിവസം മുതല്‍ കോഴിയിറച്ചി വില 100 രൂപയാക്കി കുറച്ചിരുന്നു. ഇതോടെ സമീപ പ്രദേശങ്ങളിലും കോഴിയിറച്ചിക്ക് വില കുറയ്ക്കുകയായിരുന്നു. വില കുറച്ചതോടെ ദൂരസ്ഥലങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് നെല്ലിക്കാപറമ്പിലും മുക്കത്തുമൊക്കെ കോഴിയിറച്ചി അന്വേഷിച്ച് എത്തുന്നത്. വിവാഹമടക്കമുള്ള ചടങ്ങുകള്‍ നടത്തുന്നവരാണ് ഇത്തരത്തില്‍ വരുന്നത്.
ഒരാഴ്ച മുന്‍പ് വരെ 180 രൂപക്ക് വില്‍പന നടത്തിയിരുന്ന കോഴിയിറച്ചിയാണിപ്പോള്‍ 100 രൂപക്ക് വില്‍ക്കുന്നത്. രണ്ടാഴ്ച മുന്‍പ് ചെറുവാടി ചുള്ളിക്കാപറമ്പില്‍ മത്സ്യക്കച്ചവടവും മത്സരമായതോടെ വില ഗണ്യമായി കുറഞ്ഞിരുന്നു. നാട്ടുകാരായ കച്ചവടക്കാര്‍ക്കിടയിലേക്ക് കോഴിക്കോട് സ്വദേശികള്‍ കച്ചവടവുമായെത്തിയതോടെയാണ് ഇവിടെ മത്സരം മുറുകിയതും മത്സ്യവില കുറഞ്ഞതും. 600 മുതല്‍ 800 രൂപ വരെയുണ്ടായിരുന്ന ആവോലി, അയക്കൂറ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ക്ക് ഇപ്പോള്‍ 200 മുതല്‍ 250 വരെയാണ് വില. അയല, മത്തി ഉള്‍പ്പെടെയുള്ള ചെറിയ മത്സ്യങ്ങള്‍ക്ക് 50 രൂപ വരെ വില കുറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."