എച്ച്.എം.ടി ഭൂമി വില്പനക്കെതിരേ പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികള്‍
കളമശേരി: എച്ച്.എം.ടി ഭൂമി വില്‍പ്പനക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണവുമായി നാട്ടുകാര്‍ രംഗത്ത്. എച്ച്. എം.ടി സ്റ്റോര്‍ കവലയിലെ അഞ്ചേക്കറോളം ഭൂമി എന്‍.ഐ.എയ്ക്ക് വില്‍ക്കുന്ന സാഹചര്യത്തിലാണ് ഭൂമിക്കച്ചവടത്തിനെതിരേ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത്. വ്യവസായിക ആവശ്യത്തിന് ഏറ്റെടുത്ത ഭൂമി കമ്പനിയ്ക്ക് ആവശ്യമില്ലെങ്കില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വിട്ട് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യാവസായിക ഭൂമി വ്യവസായി കേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു.
തിങ്കളാഴ്ച എച്ച്.എം.ടി എസ്റ്റേറ്റിന് ചുറ്റുമുള്ള വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും ഭൂമി വിട്ടു നല്‍കിയവരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. പ്രദേശവാസികളുടെ വിപുലമായ യോഗം 21 ന് വൈകിട്ട് അഞ്ചിന് എച്ച്.എം.ടി സ്റ്റോറിനു സമീപം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ കൗണ്‍സിലര്‍മാരായ വി.എസ്.അബൂബക്കര്‍ , ടി.എ.അബ്ദുള്‍ സലാം, മിനി സോമദാസ് രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.എസ്.ഐ കരീം (സി.പി.എം) എം.എ. നൗഷാദ് (സി.പി.ഐ), റഫീക്ക് തെക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."