സൂഫി ഇസ്‌ലാമും സലഫി ഇസ്‌ലാമും വ്യത്യസ്തമാകുന്നത്
സലഫുസ്സ്വാലിഹുകളുടെ (സച്ചരിതരായ മുന്‍ഗാമികള്‍) വഴി പിന്തുടരുന്നുവെന്ന വ്യാജേന 18 ാം നൂറ്റാണ്ടില്‍ കടന്നുവന്ന ഇബ്‌നു അബ്ദില്‍ വഹാബ് കൊണ്ടുവന്ന ആശയധാരയെ അനുകരിക്കുന്നവരാണു സലഫികള്‍. എന്നാല്‍ അവര്‍ക്ക് സലഫുമായി ബന്ധമില്ലെന്ന് മുന്‍പ് വിവരിച്ചിട്ടുണ്ട്. ഇബ്‌നു അബ്ദില്‍ വഹാബിന്റെ പ്രസ്ഥാനം പിന്തുടരുന്നവരെന്ന അര്‍ഥത്തില്‍ വഹാബികളെന്നാണ് അവര്‍ അറിയപ്പെടുന്നത്. പ്രവാചകന്മാരിലൂടെയും അനന്തരഗാമികളായ പണ്ഡിതന്മാരിലൂടെയും സൂഫികളിലൂടെയും കൈമാറിവന്ന വിശുദ്ധ ഇസ്‌ലാമിനെ ദുര്‍വ്യാഖ്യാനങ്ങള്‍ക്കു വകനല്‍ക്കാത്തവിധം പിന്തുടര്‍ന്നു വരുന്നവരാണു സുന്നികള്‍.
പ്രവാചകചര്യയെയും പണ്ഡിതന്മാരെയും അംഗീകരിക്കുന്നവരെന്ന് അര്‍ഥമുള്ള അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ: എന്നതിന്റെ ചുരുക്കപ്പേരാണു സുന്നി.
പണ്ഡിതന്മാരെ അംഗീകരിക്കുന്നതിലും നിരാകരിക്കുന്നതിലുമാണ് സുന്നി-വഹാബി വ്യതിയാനത്തിന്റെ അടിവേര്. ഖുര്‍ആനും ഹദീസും അനുസരിച്ചു ജീവിച്ച, സ്‌നേഹം പ്രചരിപ്പിച്ച പണ്ഡിതന്മാരെയും സൂഫികളെയും അംഗീകരിക്കുന്നവരാണു സുന്നികള്‍. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ടു നിയമങ്ങള്‍ പഠിക്കുന്നുവെന്നു പ്രത്യക്ഷത്തില്‍ പറയുകയും ഇബ്‌നു അബ്ദില്‍ വഹാബിന്റെയും അദ്ദേഹത്തിന്റെ ധാര പിന്തുടരുന്നവരുടെയും ഗ്രന്ഥങ്ങളെ അന്ധമായി അനുകരിക്കുകയും ചെയ്യുന്നവരാണു വഹാബികള്‍.
ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന അനുരഞ്ജനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രചാരകന്മാരായിരുന്നു സൂഫികള്‍. പ്രസ്താവനകള്‍ക്കപ്പുറം ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ സ്‌നേഹമുഖത്തെ ലോകത്തിനു പരിചയപ്പെടുത്തിയത് അവരാണ്. ഇസ്‌ലാമെന്നത് മന്ദമാരുതനെക്കാള്‍ ശാന്തസുന്ദരവും ലളിതമനോഹരവുമാണെന്ന് അവരുടെ ജീവിതത്തിലൂടെ അന്യമതസ്ഥര്‍പോലും അനുഭവിച്ചറിഞ്ഞു.
വാളുകൊണ്ടോ പോരാട്ടങ്ങള്‍കൊണ്ടോ അല്ല ലോകത്ത് ഇസ്‌ലാം പ്രചരിച്ചത്. അതിനു മുന്നോടിയായി അവിടങ്ങളിലേയ്ക്കു കടന്നു ചെന്ന സച്ചരിതരായ പ്രബോധകരുടെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു.
മാതൃകാപരമായ ജീവിതമായിരുന്നു അവരുടെ ഏക ആയുധം. ഇസ്‌ലാമിനെ പ്രതിരോധത്തിന്റെ ആയുധമായി ഉയര്‍ത്തിക്കാണിക്കുന്നതിനുപകരം നല്ലജീവിതത്തിനുള്ള വഴിയായാണ് അവരതിനെ പരിചയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ, ജനങ്ങള്‍ അതിലേയ്ക്ക് ഒഴുകിയെത്തുകയുംചെയ്തു.
കേരളത്തിലെ ഇസ്‌ലാംമത പ്രബോധനത്തിന്റെ കഥ അതിനു സാക്ഷിപറയുന്നു. മാലിക് ബിന്‍ ദീനാര്‍ എന്ന സാത്വിക പ്രബോധകന്റെ നേതൃത്വത്തില്‍ കടന്നുവന്ന മിഷനറിയുടെ കാര്‍മികത്വത്തിലാണ് ഇവിടെ ഇസ്‌ലാം പ്രചരിച്ചത്. തീവ്രതയുടെ സന്ദേശമായല്ല, മോക്ഷ മാര്‍ഗമായാണ് അന്നത്തെയാളുകള്‍ ഇസ്‌ലാമിനെ തിരിച്ചറിഞ്ഞത്.
ഇബ്‌നു ഖാസിമെന്ന സൈന്യാധിപനിലൂടെയുണ്ടായതിനേക്കാള്‍ ഇന്ത്യയിലുണ്ടായ വലിയമാറ്റം അജ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച മുഈനുദ്ദീന്‍ ചിശ്ത്തിയിലൂടെയാണെന്നു കാണാന്‍ കഴിയും. ലക്ഷങ്ങളാണ് അദ്ദേഹത്തിന്റെ വശ്യമായ വ്യക്തിത്വമഹിമയിലൂടെ ഇസ്‌ലാമിലേയ്ക്ക് ആകൃഷ്ടരായത്. തീവ്രത ഇസ്‌ലാമില്‍ ഒരായുധമേയല്ലെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. സമാധാനത്തിന്റെ മതമാണു വിശുദ്ധ ഇസ്‌ലാം. ആ സമാധാനം അണയാതെ നിലനിര്‍ത്താനാണു പ്രവാചകന്മാരും പണ്ഡിതന്മാരും സൂഫികളും കടന്നുവന്നത്.
ഇസ്‌ലാമില്‍ യുദ്ധങ്ങളുണ്ടായിട്ടില്ലേയെന്നൊരു ചോദ്യമുയര്‍ന്നേക്കാം. ചിലര്‍ തെറ്റിദ്ധരിച്ചപോലെ രാഷ്ട്രം പണിയാനോ രാഷ്ടീയ സങ്കല്‍പ്പം വികസിപ്പിക്കാനോ ആയിരുന്നില്ല ഇത്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ഏറ്റവും ഒടുവിലത്തെ രീതിയെന്ന നിലയ്ക്കു മാത്രമാണ്. യുദ്ധങ്ങളെ അനുരജ്ഞനത്തിലൂടെ ഇല്ലായ്മ ചെയ്യാനാണു പ്രവാചകനും അനുയായികളും ശ്രമിച്ചിരുന്നത്. ഇസ്‌ലാമിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമെന്ന ഭീതിവരുമ്പോള്‍ മാത്രമാണ് അവര്‍ യുദ്ധത്തിനു തുനിഞ്ഞത്. യുദ്ധവേളയില്‍ പാലിക്കേണ്ട സര്‍വ നിബന്ധനകളും പൂര്‍ണാര്‍ഥത്തില്‍ പാലിക്കാനും മറന്നില്ല.
ഇസ്‌ലാമിക് സ്റ്റേറ്റും അതു നേടിയെടുക്കാന്‍ ജിഹാദും മുസ്‌ലിമിനു കൂടിയേതീരൂവെന്ന തരത്തില്‍ പില്‍ക്കാലത്തുവന്ന ചിന്തകളെല്ലാം ഖുര്‍ആനികാശയങ്ങളെ തെറ്റിദ്ധരിച്ചതു നിമിത്തം ഉണ്ടായതാണ്. ഏതു പശ്ചാത്തലത്തിലും സഹവര്‍ത്തിത്വ മനസോടെ ജീവിക്കാനുള്ള വഴി ഇസ്‌ലാം പറഞ്ഞുതന്നിട്ടുണ്ട്. ക്രിസ്ത്യാനികളെയും ജൂതന്മാരെയും സ്‌നേഹിച്ചും ബഹുമാനിച്ചും പ്രവാചകന്‍തന്നെ മാതൃക കാട്ടി. മുസ്‌ലിംകളെല്ലാം നിലവിലെ നിയമവ്യവസ്ഥകളോടു പോരാടി ഇസ്‌ലാമികരാജ്യം കെട്ടിപ്പടുക്കണമെന്ന് ഇസ്‌ലാം പറയുന്നേയില്ല.
ഇസ്‌ലാമില്‍ ബലാല്‍ക്കാരമില്ലായെന്നു ഖുര്‍ആന്‍ കട്ടായം പറഞ്ഞതാണ്. ഒരാളും നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യേണ്ടതില്ല. അത് ഇസ്‌ലാമിന്റെ രീതിയുമല്ല. യഥാര്‍ഥ ഇസ്‌ലാമിനെ അനുഭവിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കണം. അതിനു മുസ്‌ലിം യഥാര്‍ഥമുസ്‌ലിമായി ജീവിക്കുകയാണു വേണ്ടത്.
ഏക സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈയിടെ ഒരു സുഹൃത്ത് തന്റെ ഹൈന്ദവ സുഹൃത്തിനെ ഉദ്ധരിച്ചത് ഓര്‍ത്തുപോകുന്നു. ഖുര്‍ആനിനെക്കുറിച്ച് ശരിക്കും മനസിലാക്കിയ ആ സഹോദരന്‍ പറഞ്ഞത് ഇങ്ങനെയാണ്: 'ഇന്ത്യയില്‍ തീര്‍ച്ചയായും ഏക സിവില്‍ കോഡ് നടപ്പാക്കണം. ആ ഏക സിവില്‍ നിയമം വിശുദ്ധ ഖുര്‍ആനെ അടിസ്ഥാനമാക്കിയുമായിരിക്കണം'. ഈയൊരു തിരിച്ചറിവ് ലോകത്തിനു നല്‍കാന്‍ പറ്റുക, വാളുയര്‍ത്തിക്കൊണ്ടോ രക്തമൊഴുക്കിക്കൊണ്ടോ അല്ല. യഥാര്‍ഥ ഇസ്‌ലാമിനെ ജീവിച്ചു കാണിച്ചുകൊണ്ടുമാത്രമാണ്.
തീവ്രതയുടെ ഉദയം ഇസ്‌ലാമിന്റെ പേരില്‍ സംഭവിച്ചത് എവിടെ നിന്നാണ്? സമാധാനത്തിന്റെ അംബാസഡര്‍മാരായ സൂഫികളെ മാറ്റിനിര്‍ത്തിയും പണ്ഡിതന്മാരിലൂടെയുള്ള ഇസ്‌ലാമിന്റെ കൈമാറ്റത്തെ തള്ളിക്കളഞ്ഞും 18 ാം നൂറ്റാണ്ടില്‍ ആലു സഊദിന്റെ സംരക്ഷണത്തില്‍ ഉദയംകൊണ്ട ആലു ശൈഖിന്റെ 'വഹാബി മത'മാണ് ഇതിന്റെ അടിസ്ഥാനകാരണം. ഇബ്‌നു അബ്ദില്‍ വഹാബിനെ കേന്ദ്രീകരിച്ച് വികസിച്ച ഒരു പ്രത്യയശാസ്ത്രമെന്നതിലപ്പുറം വിശുദ്ധ ഇസ്‌ലാമിന്റെ സ്‌നേഹ പ്രപഞ്ചവുമായി ഇതിനു ബന്ധമേയില്ല. വഹാബിസം ഇസ്‌ലാമിന്റെ തുടര്‍ച്ചയായിരുന്നില്ല, അതു പാരമ്പര്യത്തെ മുറിച്ചിട്ടശേഷം പുതിയൊരു ചിന്തയുടെ തുടക്കമായിരുന്നു.
ഇസ്‌ലാമിക ഭീകരവാദം എന്ന അറപ്പുളവാക്കുന്ന സംജ്ഞ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ പ്രത്യയശാസ്ത്ര പരിസരത്തില്‍നിന്നും ആവേശമുള്‍ക്കൊണ്ടു പൊട്ടിത്തെറിച്ച ഏതോ അല്‍പജ്ഞാനികളുടെ വിവരമില്ലായ്മ മാത്രമാണതിനു കാരണം. സയ്യിദ് ഖുതുബ് പ്രതിനിധാനം ചെയ്ത തീവ്ര ഇഖ്‌വാനിസവും മൗദൂദി പ്രതിനിധാനം ചെയ്ത ജമാഅത്തെ ഇസ്‌ലാമിയും ഇതേ ആശയധാരയില്‍തന്നെ വളര്‍ന്നുവന്നവയാണ്. പരമ്പരാഗത രീതിയില്‍ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുകയും യഥാര്‍ഥ സ്രോതസുകളില്‍നിന്നും അതിനെ പഠിച്ചെടുക്കുകയും ചെയ്യുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം.
യൂട്യൂബില്‍ നിന്ന് ഇസ്‌ലാമിനെ പഠിച്ചും കൊലച്ചിത്രങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ടും ആത്മാവില്ലാത്ത മതത്തെ സ്വീകരിക്കുമ്പോഴാണ് ഐ.എസിലേയ്ക്കും മറ്റു തീവ്രവാദി ഗ്രൂപ്പുകളിലേയ്ക്കും ചെറുപ്പക്കാര്‍ ചെന്നുപെടുന്നത്.
ഇസ്‌ലാമെന്നത് ഹൃദയത്തിനു സമാധാനവും സഹലോകത്തിനു സുരക്ഷിതത്വവും നല്‍കുന്ന ഒരു ജീവിത രീതിയാണെന്നും തിരിച്ചറിയുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ വിശ്വാസിയാവുന്നത്. അന്നുമുതല്‍ അവന്‍ സമാധാനത്തിന്റെ അവധൂതനുമായിരിക്കും. തീവ്രവാദം എന്ന പദത്തിന് അവന്റെ ജീവിതനിഘണ്ടുവില്‍ സ്ഥാനവുമുണ്ടായിരിക്കില്ല.
(അവസാനിച്ചു.)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."