HOME
DETAILS

സ്വത്വരാഷ്ട്രീയവും ഇടതുപക്ഷത്തിന്റെ ഭാവിയും

  
backup
June 16 2019 | 21:06 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ ആഘാതം വ്യത്യസ്ത തലങ്ങളില്‍ ചര്‍ച്ച ചെയ്യുകയും നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. ന്യൂനപക്ഷത്തിന്റെ, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിന്റെ വോട്ട് യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിച്ചത്, സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അപാകത, ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പശ്ചാത്തലം, ശബരിമലയിലെ അനാവശ്യ ഇടപെടലിലൂടെ ബി.ജെ.പിയെ രാഷ്ട്രീയമായി സഹായിച്ചത്, ജനകീയ സമരങ്ങളോടുള്ള ധാര്‍ഷ്ട്യം നിറഞ്ഞ സമീപനം, കൊലപാതക രാഷ്ട്രീയം തുടങ്ങിയ വ്യത്യസ്ത കാരണങ്ങളെ പരാജയ കാരണമായി കണ്ടെത്താം. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ചത് മുസ്‌ലിം വോട്ട് യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിച്ചു എന്നതാണ്. ഇത്തരം കേന്ദ്രീകരണത്തിലൂടെ ഇടതുപക്ഷത്തിന് സമ്മാനിച്ചത് ചരിത്രപരമായ പരാജയവും വോട്ട് ചോര്‍ച്ചയുമാണ്.


ഈ പരാജയത്തെ വിലയിരുത്തി, ഇടതുപക്ഷവും സി.പി.എമ്മും മുസ്‌ലിം സമുദായത്തിന്റെ യു.ഡി.എഫിന് അനുകൂലമായ വോട്ട് ഏകീകരണത്തെ വര്‍ഗീയതയായി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. അഥവാ തങ്ങള്‍ക്കനുകൂലമായി വോട്ട് ചെയ്താല്‍ ശുദ്ധ മതേതരത്വവും യു.ഡി.എഫിന് അനുകൂലമായാല്‍ വര്‍ഗീയതയും ആയി തീരുന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്യുന്നത്. ഈയൊരു ദുരന്തമാണ് നാളിതുവരെയായി ഇടതുപക്ഷവും സി.പി.എമ്മും നടത്തിവന്നതും. മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന മുന്നേറ്റങ്ങളെയും അവരുടെ രാഷ്ട്രീയ ഉണര്‍വുകളെയും ഒരര്‍ഥത്തിലും അംഗീകരിക്കാതെ കേവല വോട്ട് ബാങ്ക് എന്ന രീതിയില്‍ ഉപയോഗപ്പെടുത്താനായിരുന്നു ഇടതുപക്ഷം നാളിതുവരെയായി ശ്രമിച്ചുപോന്നത്. ഈ വോട്ട് ബാങ്കിന്റെ കാലം കഴിഞ്ഞെന്നും സ്വന്തം കാലില്‍ നിന്ന് അഭിപ്രായം പറയാന്‍ മുസ്‌ലിംകളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ വളര്‍ന്നുവെന്നും മനസിലാക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല.
സി.പി.എം നേതൃത്വം നല്‍കാത്ത ജനകീയ സമരങ്ങളില്‍ അഥവാ അവര്‍ കാര്‍മികത്വം വഹിക്കാത്ത സമരങ്ങള്‍ക്ക് തീവ്രവാദ മുദ്രചാര്‍ത്തല്‍ കേരളം അനുഭവിച്ചറിഞ്ഞതാണ്. ഒരര്‍ഥത്തിലുമുള്ള സ്വത്വപരമായ മുന്നേറ്റങ്ങളെയും അംഗീകരിക്കാതെ എല്ലാത്തിനെയും കേവല വര്‍ഗം എന്ന ഒറ്റ പരികല്‍പ്പനയില്‍ ഒതുക്കുന്ന യാന്ത്രിക മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍നിന്ന് ഒരു തരത്തിലുള്ള വികാസവും പാര്‍ട്ടിക്ക് ഇപ്പോഴും ഉണ്ടായിട്ടില്ല. അതിനാല്‍ ആദിവാസി, ദലിത്, മുസ്‌ലിം സ്വത്വങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഇടതുപക്ഷം ഇപ്പോഴും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ സാമൂഹ്യ പരിതസ്ഥിതിയില്‍ ഏറ്റവുമധികം പ്രാന്തവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗങ്ങളെയെല്ലാം ചേര്‍ത്തുനിര്‍ത്താനുള്ള ആശയപരമായ ഉള്‍ക്കരുത്ത് വേണ്ടിയിരുന്നത് ഇടതുപക്ഷത്തിനാണ്. പക്ഷെ തങ്ങളുടെ സമഗ്രാധിപത്യ ബോധം ഇത്തരം സ്വത്വങ്ങളെ അംഗീകരിക്കില്ലെന്ന് മാത്രമല്ല ചിലപ്പോള്‍ ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാള്‍ വലിയ അടിച്ചമര്‍ത്തല്‍ തങ്ങള്‍ക്കധികാരമുള്ളിടത്ത് ഇവര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.


നീതി നിഷേധിക്കപ്പെടുന്നവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും നിലവിളി കേട്ട് അവരുടെ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ എന്തുകൊണ്ടാണ് ഇത്തരം സ്വത്വങ്ങളെ അംഗീകരിക്കാതിരിക്കുകയും അവരെ അഭിസംബോധന ചെയ്യാതിരിക്കുകയും ചെയ്യുന്നത് സ്വത്വബോധത്തിലൂന്നിയ ഇത്തരം വിഭാഗങ്ങളുടെ അസ്തിത്വം അംഗീകരിച്ച് അവരെ കൂടെനിര്‍ത്താന്‍ സി.പി.എം തയാറാവാത്തതിന്റെ യുക്തി മനസ്സിലാവുന്നില്ല. എല്ലാ സ്വത്വവിഭാഗങ്ങളും അവരവരുടെ അസ്തിത്വപരമായ പ്രത്യേകതകളെ മാറ്റിവച്ച് വര്‍ഗം എന്ന ഒരൊറ്റ പരികല്‍പനയിലേക്ക് ഒതുക്കിയാല്‍ മാത്രമെ നിങ്ങളെ അംഗീകരിക്കൂ എന്ന യാന്ത്രിക മാര്‍ക്‌സിയന്‍ പാഠം നിരന്തരം ആവര്‍ത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സത്യത്തില്‍ ഇത്തരം വിഭാഗങ്ങള്‍ അവരുടെ സ്വത്വപരമായ പ്രത്യേകതകള്‍ ബലി കഴിച്ച് ഇടതുപക്ഷത്തിലേക്ക് എത്തിച്ചേരുകയെന്നത് സംഭവ്യമല്ല.


1967ല്‍ സഖാവ് ഇ.എം.എസ് മുസ്‌ലിംലീഗിനെ കൂടെ കൂട്ടുകയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം 90കളിലുണ്ടായ വ്യത്യസ്ത മുസ്‌ലിം രാഷ്ട്രീയ വിഭാഗങ്ങളെ കൂടെ കൂട്ടാതെ കേവല വോട്ട് ബാങ്കായി ഉപയോഗപ്പെടുത്തുന്നതാണ് നാം കണ്ടത്. ഇത്തരത്തിലുള്ള ഒഴിവാക്കല്‍ ഇടതുപക്ഷത്തിന്റെ ഒരു പരാജയമായി തന്നെ നിലനില്‍ക്കുന്നു. പ്രത്യേക മത സമുദായത്തില്‍പ്പെട്ടവര്‍ അവരുടെ അതിജീവനത്തിനായി രാഷ്ട്രീയമായി സംഘടിച്ചാല്‍ അത് വര്‍ഗീയമാണെന്ന പഴയ അന്ധവിശ്വാസത്തില്‍ തന്നെയാണ് പാര്‍ട്ടി ഇപ്പോഴുമുള്ളത്. 1992ലെ ബാബരി മസ്ജിദിന്റെ പതനത്തിന് ശേഷം മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യ അധ്യക്ഷനായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് രൂപീകരിച്ച ഇന്ത്യന്‍ നാഷനല്‍ ലീഗിനെ ഇടതുമുന്നണിയില്‍ എടുക്കാന്‍ 25 വര്‍ഷം കഴിയേണ്ടിവന്നു. അപ്പോഴേക്കും നാഷനല്‍ ലീഗ് നാമാവശേഷമായി മാറിയിരുന്നു. അഥവാ നേതാക്കളും അണികളും ഉള്ള നല്ല നാളില്‍ വെയിലത്ത് നിര്‍ത്തുകയും അവസാനം എല്ലും തോലുമായി ശുഷ്‌കിച്ച ഒരു രാഷ്ട്രീയ ഘടനയെ മുന്നണിയിലെടുക്കുകയും ചെയ്യുന്ന ദയനീയ അനുഭവമാണ് ഐ.എന്‍.എല്ലിന്റെ കാര്യത്തിലുണ്ടായത്. തങ്ങളുടെ ചൊല്‍പ്പടിയില്‍ എല്ലാം എന്ന ജനാധിപത്യവിരുദ്ധ രീതി പിന്തുടരുന്നതിന്റെ ഫലമായി നിലവിലുള്ള ഘടകകക്ഷികളെ പോലും അവഗണിക്കുന്നതാണ് ഇപ്പോഴത്തെ സി.പി.എം ശൈലി. കൂടെയുള്ളവര്‍ ശക്തിപ്പെട്ടാല്‍ തങ്ങളും ശക്തിപ്പെടും എന്ന മുന്നണി മര്യാദ ഇനിയും സ്വായത്തമാക്കാന്‍ പാര്‍ട്ടിക്ക് എത്രകാലം വേണ്ടി വരും


തങ്ങള്‍ മാത്രം മതി എന്ന ജനാധിപത്യ വിരുദ്ധ ആശയം നെഞ്ചിലേറ്റിയത് കൊണ്ടാണ് ബംഗാളും ത്രിപുരയും സംഭവിച്ചത് എന്നവര്‍ മനസിലാക്കുന്നില്ല. പ്രാന്തവല്‍കരിക്കപ്പെട്ട വിഭാഗങ്ങളുമായി സംവദിക്കാന്‍ കഴിയാത്തതിന്റെ പരിണിത ഫലമായിരുന്നു ബംഗാളിലെ പാര്‍ട്ടിയുടെ പതനം. ഇത്തരത്തിലുള്ള ദുരന്തത്തിലേക്ക് കേരളത്തിലും പാര്‍ട്ടി പോയി കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന് നല്‍കുന്നത്. ലോകത്ത് നടക്കുന്ന വ്യത്യസ്തസാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് മുസ്‌ലിം ഗ്രൂപ്പുകള്‍ നേതൃത്വം നല്‍കുന്നത് കണ്ടുകൊണ്ടിരിക്കുന്ന സി.പി.എം എന്തുകൊണ്ടോ അവരുമായി ഇന്നും സംവദിക്കാന്‍ തയാറായിട്ടില്ല. തങ്ങളുടെ ചര്‍ച്ചാ സെമിനാറുകളില്‍ പോലും മുസ്‌ലിം പ്രതിനിധികളെ ക്ഷണിക്കാന്‍ വൈമുഖ്യം കാണിക്കുന്ന പാര്‍ട്ടി, ജനാധിപത്യത്തിന്റെ തുറസ്സിലേക്ക് ഇനിയും വികസിക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ പറയുന്ന എന്തും ഏറ്റുപറയുന്ന ഒന്നോ രണ്ടോ മുസ്‌ലിം പ്രതിനിധികളെ കൂടെ നിര്‍ത്തിയാല്‍ ആ സമുദായത്തിനുള്ളിലേക്ക് കയറിച്ചെല്ലാം എന്ന വ്യാമോഹം ഉപേക്ഷിച്ച് തുറന്ന മനസ്സോടെ സമീപിക്കാനുള്ള ഇഛാശക്തി പാര്‍ട്ടി കാണിക്കേണ്ടിയിരിക്കുന്നു.


ഞങ്ങളാണ് മതനിരപേക്ഷതയുടെ കാവല്‍ക്കാര്‍, മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിച്ചാല്‍ അപ്പുറത്ത് ഹിന്ദു സംഘടിക്കും എന്ന വ്യാജ ഭീതി നിരന്തരം ഉല്‍പ്പാദിപ്പിച്ച് മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന എല്ലാ ഉണര്‍വുകളെയും അടിച്ചമര്‍ത്തുകയായിരുന്നു നാളിതു വരെയായി ഇടതുപക്ഷം ചെയ്തത്. രാജ്യത്ത് വികസിച്ചുവരുന്ന തീവ്ര ദേശീയതയുടെ മറവില്‍ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ അക്രമിക്കപ്പെടുന്ന കാലമാണിപ്പോള്‍. ഇത്തരമൊരു ചരിത്രസന്ദര്‍ഭത്തില്‍ മത സ്വത്വത്തിലധിഷ്ടിതമായ അന്വേഷണങ്ങളെയും ചെറുത്തുനില്‍പ്പുകളെയും വര്‍ഗീയതയുടെ ബ്രാന്റില്‍ ഒതുക്കി തീവ്ര ഹിന്ദുത്വ ദേശീയതക്ക് അംഗീകാരം നേടിക്കൊടുക്കുന്ന യുക്തിയാണ് പലപ്പോഴും ഇടതുപക്ഷം പിന്തുടരുന്നത്.


മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ഉണര്‍വുകളെ തീവ്രവാദി മുദ്ര കൊണ്ട് പ്രതിരോധിക്കുന്നതിന് പകരം ആരോഗ്യകരമായ സംവാദത്തിന്റെ പരിസരത്തിലേക്ക് വരുകയാണ് പാര്‍ട്ടി ചെയ്യേണ്ടത്. പകരം മഫ്ത കടം വാങ്ങി പെണ്‍കുട്ടികളെ കൊണ്ട് ഫ്‌ളാഷ് മോബ് കളിപ്പിച്ചോ തൊപ്പിയും പര്‍ദയും ധരിച്ചവരുടെ കൂടെ നിന്ന് നേതാക്കള്‍ സെല്‍ഫിയെടുത്തത് കൊണ്ടോ മുസ്‌ലിംകള്‍ ഞങ്ങളോടൊപ്പമാണെന്ന് പറയാന്‍ കഴിയില്ല. വര്‍ഗസമരം പൂര്‍ത്തിയാവും വരെ സാംസ്‌കാരിക സ്വത്വങ്ങളെ അഭിസംബോധന ചെയ്യില്ലെന്ന യാന്ത്രികയുക്തിയില്‍ നിന്ന് വിടുതല്‍ നേടി എല്ലാ സാംസ്‌കാരിക സ്വത്വങ്ങളോടും ജനാധിപത്യ പരമായി സംവാദത്തിന് തുടക്കം കുറിക്കുകയാണ് ഈ ഘട്ടത്തില്‍ ഇടതുപക്ഷം ചെയ്യേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago