പെരിന്തല്‍മണ്ണയില്‍ നിര്‍ത്തലാക്കിയ ബസ് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചുതുടങ്ങി
പെരിന്തല്‍മണ്ണ: പ്രതിഷേധച്ചൂടില്‍ നഗരസഭക്ക് ഒടുവില്‍ മനം മാറ്റം. നഗരത്തില്‍ നടപ്പാക്കിയ അവസാനഘട്ട ട്രാഫിക് ക്രമീകരണത്തിന്റെ ഭാഗമായി നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ നഗരസഭാധികൃതര്‍ തന്നെ പുനര്‍നിര്‍മിച്ചു തുടങ്ങി.അഞ്ചു മാസങ്ങള്‍ക്കുമുന്‍പാണ് ഗതാഗതപരിഷ്‌കാരത്തിന്റെ പേരില്‍ കോഴിക്കോട് റോഡിലെ രണ്ടുപ്രധാന സ്റ്റോപ്പുകള്‍ ക്രമീകരണ സമിതി ഒഴിവാക്കിയത്. തീരുമാനം നടപ്പാക്കാനായി തലേന്നുതന്നെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഏകപക്ഷീയമായി പൊളിച്ചുനീക്കുകയും ചെയ്തു. എന്നാല്‍, ടൗണിലെത്തുന്നവര്‍ കൂടുതലായും ആശ്രയിച്ചിരുന്ന നഗരസഭാ ഓഫിസ് പരിസരത്തെ സ്റ്റോപ്പ് ഒഴിവാക്കിയതില്‍ തുടക്കംമുതലേ പ്രതിഷേധവും ശക്തമായിരുന്നു. പരിഷ്‌കാരത്തിനെതിരേ നഗരസഭയിലെ പ്രതിപക്ഷാംഗങ്ങളും വിവിധ സംഘടനകളും യാത്രക്കാരും വ്യാപാരികളും ഉള്‍പെടെ രംഗത്തെത്തിയതോടെ കടുത്ത എതിര്‍പ്പുകളാണ് ബന്ധപ്പെട്ടവര്‍ക്ക് നേരിടേണ്ടിവന്നത്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ പരിഷ്‌കരണ നടപടികള്‍ തുടരാനായിരുന്നു അധികൃതരുടെ തീരുമാനമെങ്കിലും സ്റ്റാന്‍ഡുകള്‍ എടുത്തുകളഞ്ഞിട്ടും യാത്രക്കാര്‍ ഇതേസ്ഥലത്ത് ബസ് കാത്തിരിപ്പ് തുടരുകയും ബസുകള്‍ സ്റ്റോപ്പുകളില്‍ ആളെക്കയറ്റിയിറക്കി സര്‍വിസ് തുടരുകയും ചെയ്തത് നഗരസഭക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതേതുടര്‍ന്ന് ഒരുദിവസം മാത്രം നടപ്പാക്കിയ പരിഷ്‌കരണം അധികൃതര്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, ഒഴിവാക്കിയെന്നു പറഞ്ഞ സ്റ്റോപ്പുകള്‍ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും ഷെഡുകള്‍ പൊളിച്ചുമാറ്റിയത് കാരണം മഴയും വെയിലും സഹിച്ച് ഏറെ പ്രയാസപ്പെട്ടാണ് യാത്രക്കാര്‍ ഇവിടങ്ങളില്‍ ബസ് കാത്തിരിപ്പ് നടത്തിയിരുന്നത്. ഇതോടെ ഷെഡുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി.
വിവിധ സംഘടനകള്‍ ഇതേ ആവശ്യമുന്നയിച്ച് മാര്‍ച്ചും ധര്‍ണയും അടക്കമുള്ള സമരപരിപാടികളും സംഘടിപ്പിച്ചു. മുസ്‌ലിം ലീഗും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ടാര്‍പോളീന്‍ ഷീറ്റ് കെട്ടി താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിച്ചു. തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. നിലവില്‍ നഗരസഭാ ഓഫിസ് പരിസരത്തെ സ്റ്റോപ്പില്‍ പുനര്‍നിര്‍മാണം അന്തിമഘട്ടത്തിലാണ്. സംഗീത ജങ്ഷനിലെ സ്റ്റാന്‍ഡും അടുത്തദിവസങ്ങളിലായി പുനഃസ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."