ആനക്കണക്ക് എടുക്കാന്‍ വനപാലക സംഘം കാട്ടിലേക്ക്
നെയ്യാര്‍ : രാജ്യത്ത് ആന സെന്‍സസിന് തുടക്കമായി. വിവിധ വനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ തുടങ്ങി ആനകളുടെ സാനിധ്യമുള്ളയിടങ്ങളിലൊക്കെ, പ്രത്യേക പരിശീലനം ലഭിച്ച വനപാലക സംഘം കണക്കെടുപ്പ് ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.നെയ്യാറിലെ വനപാലക സംഘവും ഇന്നലെ രാവിലെ തന്നെ കാട്ടിലേക്കു തിരിച്ചു. മേയ് 17 മുതല്‍ 19 വരെയാണ് സെന്‍സസ് നടക്കുന്നത്. നാഷണല്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റൂട്ടിനാണ് മേല്‍നോട്ടച്ചുമതല. കേരളത്തില്‍ സംസ്ഥാന വനം വകുപ്പും പെരിയാര്‍ ഫൗണ്ടേഷനുമാണ് നേതൃത്വം നല്‍കുന്നത്.
ഇക്കുറി ആധുനിക സൗകര്യങ്ങളുടെ സഹായത്തോടെയായിരിക്കും കണക്കെടുപ്പെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. രാത്രിയിലും പകലും ആനകളെ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെ നിയോഗിക്കും. വിവിധയിടങ്ങളില്‍ കാമറകളും സ്ഥാപിക്കും. രണ്ടായിരത്തിലേറെ കാമറകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. ജി.പി.ആര്‍.എസ് സംവിധാനവും ഗൂഗിള്‍ മാപ്പും സര്‍വേക്കായി ഉപയോഗിക്കും.
ആനയുടെ കാല്‍പാടുകള്‍, ആനപിണ്ഡം, ആനകള്‍ തമ്പടിക്കാറുള്ള സ്ഥലങ്ങള്‍, നദീതീരങ്ങള്‍ എന്നിവ സെന്‍സസ് സംഘം വിശദമായി പരിശോധിക്കും. ഇവയുടെ അടിസ്ഥാനത്തിലായിരിക്കും കണക്കെടുപ്പ്്. സെന്‍സസ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ആനകള്‍ക്കായുള്ള സംരക്ഷണ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്.
കേരളത്തില്‍ ആനകളുടെ എണ്ണം കാലക്രമേണ വര്‍ധിച്ചു വരികയാണെന്നാണ് മുന്‍വര്‍ഷങ്ങളിലെ സെന്‍സസ് സൂചിപ്പിക്കുന്നത്. 1993 ല്‍ നടന്ന കണക്കെടുപ്പില്‍ 4286 ആനകളെയാണ് കണ്ടെത്തിയത്. 97ല്‍ അത് 5750 ആയി. 2002 ല്‍ അത് 6995 ആയും 2012 ല്‍ അത് 7384 ആയും വര്‍ധിച്ചു. ആനവേട്ട തടയുന്നതില്‍ വനംവകുപ്പ് പുലര്‍ത്തിയ ജാഗ്രതയാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."