അയോധ്യ: രാമക്ഷേത്രം ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഡോ. ബുദ്ധരശ്മി നാഷനല്‍ മ്യൂസിയം മേധാവി
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നുവെന്ന വിവാദ റിപ്പോര്‍ട്ട് നല്‍കിയ പുരാവസ്തു ഗവേഷകന്‍ ഡോ. ബുദ്ധ രശ്മി മണിയെ നാഷനല്‍ മ്യൂസിയം ഡയറക്ടറായി നിയമിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) മുന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ആണ് ഡോ. ബുദ്ധ രശ്മി മണി. കഴിഞ്ഞവര്‍ഷമാണു മണി എ.എസ്.ഐ മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചത്.
മൂന്ന് വര്‍ഷത്തേക്കോ 70 വയസ്സുവരെയോ ആണ് പുതിയ നിയമനം. നാഷനല്‍ മ്യൂസിയം ഡയറക്ടര്‍ ജനറലായുള്ള പുതിയ നിയമനം അയോധ്യാ കേസിലെ ഇടപെടലിനുള്ള ബി.ജെ.പിയുടെ പാരിതോഷികം ആണെന്ന ആരോപണം അദ്ദേഹം തള്ളി.
തനിക്കു പാരിതോഷികം നല്‍കണമെന്ന് ബി.ജെ.പി ആഗ്രഹിച്ചിരുന്നുവെങ്കില്‍ സര്‍വിസിലിരിക്കെ തന്നെ അതു ചെയ്യാമായിരുന്നുവെന്ന് മണി പറഞ്ഞു. അഡീഷനല്‍ ഡയറക്ടറായാണ് താന്‍ വിരമിച്ചത്. സര്‍ക്കാരിനു വേണമെങ്കില്‍ തനിക്കു സ്ഥാനക്കയറ്റം നല്‍കാമായിരുന്നു. നരേന്ദ്രമോദിയെ പോലെ ഊര്‍ജസ്വലനായ പ്രധാനമന്ത്രിയെ ലഭിച്ചതില്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2003ലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വിവാദ റിപ്പോര്‍ട്ട് നല്‍കിയത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബ്‌രി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ക്ഷേത്രം നിലനിന്നിരുന്നുവെന്നായിരുന്നു ഡോ. മണിയുടെയും സംഘത്തിന്റെയും റിപ്പോര്‍ട്ട്. ഇതു വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നുവെങ്കിലും റിപ്പോര്‍ട്ടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിവാദ റിപ്പോര്‍ട്ടിനു പിന്നാലെ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതി ഖനനസംഘത്തില്‍ നിന്നു നീക്കിയിരുന്നു.
അന്നത്തെ എ.എസ്.ഐ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. കൂടുതല്‍ ഖനനം നടത്താന്‍ വിസമ്മതിച്ചതു കൊണ്ടാണ് തന്നെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത്. കൂടുതല്‍ ഖനനം ചെയ്യാന്‍ കോടതിയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. അതിനാല്‍ ഖനന സംഘത്തിന്റെ മേധാവിയെ മാറ്റാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മണി പറഞ്ഞു.
അയോധ്യയില്‍ പള്ളി നിന്നിരുന്ന സ്ഥാനത്തു നടത്തിയ ഖനനത്തില്‍ മണി ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിനു വഴങ്ങി പക്ഷപാതപരമായാണ് ഇടപെട്ടതെന്ന് ബാബ്‌രി മസ്ജിദ് കേസില്‍ പ്രധാന ഹരജിക്കാരായ സുന്നി വഖ്ഫ് ബോര്‍ഡ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."