മറയൂരില്‍നിന്ന് മുറിച്ചുകടത്തിയ ചന്ദനം ആന്ധ്രയില്‍നിന്ന് കണ്ടെടുത്തു
പിടികൂടിയത് ഒരു കോടിയുടെ ചന്ദനം
മറയൂര്‍ (ഇടുക്കി): മറയൂര്‍ ചന്ദന കാടുകളില്‍ നിന്നും മുറിച്ചുകടത്തിയ ചന്ദനം ആന്ധ്രാപ്രദേശ് - തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്ന് ബൊമ്മ സമുദ്രത്തിലുള്ള ചന്ദന ഫാക്ടറിയില്‍ നിന്ന് കേരളാ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഒരു കോടി രൂപ വിലമതിക്കുന്ന 720 കിലോ ചന്ദനമാണ് അനധികൃത ചന്ദന ഫാക്ടറിയില്‍ നിന്നും കണ്ടെടുത്തത്. 300 കിലോ ചന്ദനപ്പൊടിയും 400 കിലോ ചന്ദന ചീളുകളും 20 കിലോ തടിയുമാണ് പിടിച്ചെടുത്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് ചന്ദനം പിടികൂടിയത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചന്ദന ഫാക്ടറിയിലാണ് റെയ്ഡ് നടന്നത്. ആരെയും പിടികൂടിയിട്ടില്ല. 2019 ജൂണ്‍ 12ന് ചന്ദന കേസുമായി ബന്ധപ്പെട്ട് പിടികൂടിയ മലപ്പുറം പൂക്കോട്ടുര്‍ പുല്ലാര സ്വദേശി ഷുഹൈബ് എന്ന കുഞ്ഞിപ്പു നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഫാക്ടറി കാണിച്ചു നല്‍കുന്നതിന് ഷുഹൈബിനെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിരുന്നു. ഷുഹൈബിനെ പിടികൂടിയത് അറിഞ്ഞതിനാല്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം ചന്ദനവും മാറ്റിയതായി ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
മറയൂരില്‍ നിന്നും ചന്ദനം ശേഖരിച്ച് ഷുഹൈബ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെയാണ് എത്തിച്ചിരുന്നത്. ദേവികുളം ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇയാളെ ശനിയാഴ്ച തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആന്ധ്രാപ്രദേശ് ചിറ്റൂരിലെ ഫാക്ടറിയെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് മൂന്നാര്‍ ഡി.എഫ്.ഒ നരേന്ദ്രബാബു, മറയൂര്‍ സാന്ഡല് ഡിവിഷന് ഡി.എഫ്.ഒ ബി.രഞ്ജിത്, മറയൂര്‍ റെയിഞ്ച് ഓഫിസര്‍ ജോബ്.ജെ. നേര്യംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘത്തെ പരിശോധന നടത്തുന്നതിന് വേണ്ടി നിയോഗിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ മറയൂരില്‍ നിന്നും പുറപ്പെട്ട സംഘം തിങ്കളാഴ്ച പുലര്‍ച്ചയോടു കൂടി ഫാക്ടറി റെയ്ഡു ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."