ജില്ലയില്‍ രണ്ടിടങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍ സ്ഥാപിക്കും: ഋഷിരാജ് സിങ്
മുമ്പ് ഇതരസംസ്ഥാനക്കാര്‍ മാത്രം ഉപയോഗിച്ചിരുന്ന കഞ്ചാവും ലഹരി ഗുളികകളും നാട്ടിന്‍ പുറങ്ങളിലുള്ളവര്‍ വരെ സുലഭമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ 10 മാസത്തെ ലഹരി ഉപയോഗം സംബന്ധിച്ച കണക്കുകള്‍ ഉത്കണ്ഠപ്പെടുത്തുന്നതാണ്
കാസര്‍കോട്: ജില്ലയിലെ പുതിയ താലൂക്കുകളായ മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും എക്‌ൈസസ് സര്‍ക്കിള്‍ ഓഫിസുകള്‍ ആരംഭിക്കുമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ ആവശ്യത്തില്‍ കുറഞ്ഞ സര്‍ക്കിള്‍ ഓഫിസുകളാണ് നിലവിലുളളത്. പുതിയ ഓഫിസുകള്‍ വരുന്നതോടെ അതു പരിഹരിക്കാനാകും. പുതുതായി തുടങ്ങുന്ന സര്‍ക്കിള്‍ ഓഫിസുകള്‍ സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചയുടനെ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യ വാരമോ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ഇതരസംസ്ഥാനക്കാര്‍ മാത്രം ഉപയോഗിച്ചിരുന്ന കഞ്ചാവും ലഹരി ഗുളികകളും നാട്ടിന്‍ പുറങ്ങളിലുള്ളവര്‍ വരെ സുലഭമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ 10 മാസത്തെ ലഹരി ഉപയോഗം സംബന്ധിച്ച കണക്കുകള്‍ ഉത്കണ്ഠപ്പെടുത്തുന്നതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തരം കേസുകളില്‍ നാലിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ ബേഡഡുക്ക, മഞ്ചേശ്വരം, കുമ്പള അതിര്‍ത്തികളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്താന്‍ എക്‌സൈസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ കര്‍ണാടകയുമായി ചേര്‍ന്ന് സംയുക്ത റെയ്ഡ് ശക്തമാക്കും.
പെര്‍ള, ആദൂര്‍ എന്നീ ചെക്‌പോസ്റ്റുകളില്‍ രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന് ഉറങ്ങുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ തീരദേശസേനാപ്രവര്‍ത്തനം കാര്യക്ഷമമാക്കി കോസ്റ്റ് ഗാര്‍ഡ്, നാവിക സേന എന്നിവരുമായി സഹകരിച്ച് ഇതുവഴിയുള്ള ലഹരിക്കടത്തും തടയും. ലഹരിവര്‍ജ്യദിനത്തോടനുബന്ധിച്ച് വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ 30നു മുമ്പ് സംഘടിപ്പിക്കും.
യോഗത്തില്‍ എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ പി. ജയരാജന്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്‍.എസ് സുരേഷ്, അസി. കമ്മിഷണര്‍ എ.ആര്‍ സുല്‍ഫിക്കര്‍ സംബന്ധിച്ചു.
രാവിലെ കുമ്പള എക്‌സൈസ് ഓഫിസ് സന്ദര്‍ശിച്ച അദ്ദേഹം വൃക്ഷത്തൈ നട്ടു പിടിക്കല്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."