പട്ടിക വര്‍ഗങ്ങളെ പുനരധിവസിപ്പിക്കാന്‍ പ്രാഥമിക സര്‍വേ ആരംഭിച്ചു
നിലമ്പൂര്‍: ഉരുള്‍പൊട്ടലിലും മലവെള്ളപാച്ചിലിലും വീടും കിടപ്പാടവും നഷ്ടപ്പെട്ട ചാലിയാര്‍ പഞ്ചായത്തിലെ പട്ടിക വര്‍ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് റവന്യു വകുപ്പിന് കൈമാറിയ ഭൂമിയില്‍ പ്രാഥമിക പരിശോധന നടത്തി.
അഡി. തഹസില്‍ദാര്‍ സി.വി. മുരളീധരന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന നടത്തിയത്. സര്‍വേ ഇന്നലെ ആരംഭിച്ചു.അകമ്പാടം നരിപൊയിലില്‍ പത്തേക്കര്‍ സ്ഥലമാണ് വനം വകുപ്പ് ഇതിനായി റവന്യു വകുപ്പിന് കൈമാറിയത്. വനം-റവന്യു സര്‍വേയര്‍മാരുടെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍വേ ആരംഭിക്കും. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ നടപടികള്‍ പൂര്‍ത്തീകരിക്കും. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു പുറമേ വീട് നഷ്ടമായവരേയും വീടിന് ഭീഷണി നിലനില്ക്കുന്നവരേയും പുനരധിവാസത്തില്‍ ഉള്‍പ്പെടുത്തും. മതില്‍മൂല, ചെട്ടിയംപാറ, പ്ലാക്കല്ച്ചോല, വേങ്ങാട്, കണ്ടിലപ്പാറ കോളനികളിലെ നൂറോളം കുടുംബങ്ങളെയാണ് ഇവിടേക്ക് പുനരധിവസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. മതില്‍മൂല, ചെട്ടിയംപാറ കോളനികളിലെ 50 ഓളം കുടുംബങ്ങള്‍ നിലവില്‍ വാടക വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലുമായാണ് താമസിക്കുന്നത്. സ്ഥലം ലഭ്യമായ സാഹചര്യത്തില്‍ പുനരധിവാസം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് റവന്യുവകുപ്പും പഞ്ചായത്ത് അധികൃതരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."