കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുത ലൈന്‍ പൊട്ടി വിണു: മലബാറില്‍ ട്രെയിന്‍ ഗതാഗതം നിലച്ചു
കാസര്‍കോട്: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ വൈദ്യുതികരണത്തിനായി സ്ഥാപിച്ച വൈദ്യുത ലൈന്‍ പൊട്ടി പാളത്തിലേക്ക് വിണു. ഇതോടെ മലബാറില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വ്യാഴാഴ്ച വൈകുന്നേരം 7.45 ഓടെയാണ് അപകടം സംഭവിച്ചത്.
അപകടം നടക്കുന്ന സമയത്ത് പാളത്തിലൂടെ തീവണ്ടികളൊന്നും കടന്നു പോവാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്ത് നിന്നും മംഗളൂരുവിലേക്ക് പോവേണ്ട പരശുറാം എക്സ്പ്രസ്, എഗ്മോര്‍ എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
മംഗളൂരുവില്‍ നിന്നു ഷൊര്‍ണൂര്‍ ഭാഗത്തേക്കു പോവേണ്ട മാവേലി എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തുടങ്ങിയ വണ്ടികള്‍ വൈകിയും പുറപ്പെട്ടിട്ടില്ല. അപകട സ്ഥലം രാത്രി ഒന്‍പതോടെ റെയില്‍വേയുടെ രക്ഷാപ്രവര്‍ത്തന സേന സന്ദര്‍ശിച്ചു.
ഗതാഗതം പുനസ്ഥാപിക്കുന്നതിനായി വിദഗ്ദ സംഘത്തിന്റെ അറ്റകുറ്റ പണികള്‍ രാത്രി വൈകിയും തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് നിലച്ച ട്രെയിന്‍ ഗതാഗതം കഴിയുന്നതും വേഗത്തില്‍ പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."