കുളത്തൂര്‍ ബൈപ്പാസിലെ അടിപ്പാത നിര്‍മാണം നാട്ടുകാര്‍ ദേശീയ പാത ഡയറക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും
ശ്രീകാര്യം: ആക്കുളം കാരോട് ബൈപ്പാസില്‍ കുളത്തൂര്‍ ഗുരുനഗറില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെയും സംയുക്ത സമരസമിതിയുടെയും നേതൃത്വത്തില്‍ ദേശീയ പാത ഡയറക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
നാളെ രാവിലെ 10 ന് നടക്കുന്ന ജനകീയ മാര്‍ച്ചില്‍ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സാമുദായിക സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ കൗണ്‍സിലര്‍ മേടയില്‍ വിക്രമന്‍, എസ്.രാജീവ്, കെ.മധു തുടങ്ങിയവര്‍ അറിയിച്ചു.
റോഡിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ ഗുരുനഗര്‍, സ്റ്റേഷന്‍കടവ്, കോരാളംകുഴി, കുഞ്ചാലുംമൂട്, പൗണ്ട്കടവ് എന്നിവിടങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് റോഡിന് കിഴക്ക് വശത്തുള്ള സ്‌കൂളിലും നഗരസഭാ ഓഫിസിലും മാര്‍ക്കറ്റിലും കോലത്തുകര ക്ഷേത്രത്തിലും മറ്റു സര്‍ക്കാര്‍ ഓഫിസുകളിലും എത്തിച്ചേരുന്നതിന് ഒരു സൗകര്യവുമൊരുക്കാതെയാണ് ബൈപാസ് നിര്‍മാണം നടക്കുന്നത്. യാത്രാതടസത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭയുടെ പൗണ്ടുകടവ്, കുളത്തൂര്‍, ആറ്റിപ്ര എന്നീ സ്ഥലങ്ങളിലെ ജനങ്ങള്‍ കഴിഞ്ഞ ഒരുമാസമായി പ്രക്ഷോഭത്തിലാണ്.
കഴക്കൂട്ടത്തിനും ആക്കുളത്തിനുമിടയ്ക്ക് ടെക്‌നോപാര്‍ക്ക്, മുക്കോലയ്ക്കല്‍, തമ്പുരാന്‍നട എന്നിവടങ്ങളിലൂടെയാണ് ഇപ്പോള്‍ റോഡ് മുറിച്ചു കടക്കാന്‍ സൗകര്യമുള്ളത്.
റോഡ് നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് മുക്കോലയ്ക്കല്‍ ജങ്ഷനിലും തമ്പുരാന്‍മുക്കിനും ഇടയില്‍ മൂന്നിടങ്ങളില്‍ ജനങ്ങള്‍ക്ക് ബൈപ്പാസ് മുറിച്ചു കടക്കാന്‍ സൗകര്യമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."