ദുരന്തകാലത്ത് സഹായം വിരല്‍ തുമ്പില്‍; ഉപകരണവുമായി കാസര്‍കോടെ മൂന്ന് യുവാക്കള്‍
കാസര്‍കോട്: കേരളാ സ്റ്റാര്‍ട് അപ് മിഷന്‍ നാസ്‌കോം ഐ.ബി.എം എന്നിവരുമായി സഹകരിച്ചു സംഘടിപ്പിച്ച പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള നൂതന ആശയങ്ങളെ കണ്ടെത്താനുള്ള ' കാള്‍ ഫോര്‍ കോഡ് കേരളാ ഹാക്കത്തോണ്‍' പരിപാടിയില്‍ കാസര്‍കോട് സ്റ്റാര്‍ട് അപ് മിഷന്‍ ഇന്‍ക്യുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഫൈനെക്സ്റ്റ് ഇന്നോവേഷന്‍ അവതരിപ്പിച്ച ഫൈന്‍ ബട്ടണ്‍ മികച്ച ആശയമായി തിരഞ്ഞെടുത്തു. സൗത്ത് ഇന്ത്യാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 15ഓളം സ്റ്റാര്‍ട് അപുകള്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട മൂന്ന് മികച്ച ആശയങ്ങളില്‍ ഒന്നാണ് കാസര്‍കോട് സ്വദേശികളായ അഭിലാഷ് സത്യനും ഷിദിനും ജിത്തുവും വികസിപ്പിച്ചെടുത്ത ഫൈന്‍ ബട്ടണ്‍.
അഭിലാഷ് അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെയും ഷിദിനും ജിത്തുവും എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെയും പൂര്‍വവിദ്യാര്‍ഥികളാണ്.കേരള സര്‍ക്കാരിന്റെ സഹായത്തോടെ കേരളത്തിലെ മുഴുവന്‍ വീടുകളിലും ഫൈന്‍ ബട്ടണ്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അഭിലാഷും സംഘവും. നിലവിലുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലാകുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫൈന്‍ ബട്ടണ്‍ ആയിരുന്നു ഇവര്‍ കണ്ടെത്തിയ ആശയം.
വീടുകളില്‍ ഘടിപ്പിക്കാവുന്ന ഈ ഉപകരണം അടിയന്തിര സാഹചര്യം ഉണ്ടാകുന്ന പക്ഷം ഒരൊറ്റ ക്ലിക്ക് കൊണ്ട് സഹായം അഭ്യര്‍ഥിക്കാന്‍ സാധിക്കുന്നതാണ്. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഈ സംവിധാനം ഏകോപിപ്പിച്ചിരിക്കുന്നത്. സഹായം ആവശ്യമുള്ളവരില്‍നിന്ന് ഒരു റിക്വസ്റ്റ് വരുമ്പോള്‍ തന്നെ അവരുടെ ലൊക്കേഷന്‍ മാപ്പില്‍ രേഖപ്പെടുത്തുന്നു (റെസ്‌ക്യൂ ഫ്‌ളാഗ്) ഓരോ വീടിനും ഒരു യൂനിക് ഐ.ഡി കൂടാതെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പര്‍, അംഗങ്ങളുടെ എണ്ണം എന്നിവ നല്‍കിയിരിക്കുന്നു. ഈ സംവിധാനം വഴി അവരുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ സോഫ്റ്റ്‌വെയറിലൂടെ സഹായം അഭ്യര്‍ഥിക്കാന്‍ കഴിയും.
ഒരിക്കല്‍ രജിസ്റ്റര്‍ ആയ റിക്വസ്റ്റ് വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. ഫൈന്‍ ബട്ടണില്‍ ഉള്ള മൂന്നു ബട്ടണിലൂടെ റെസ്‌ക്യു, അടിയന്തിര വൈദ്യ സഹായം, ഭക്ഷണവും വെള്ളവും തുടങ്ങി വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ക്കു സഹായം അഭ്യര്‍ഥിക്കാന്‍ സാധിക്കും. ഇത് രക്ഷാപ്രവര്‍ത്തനം മുന്‍ഗണനാ ക്രമത്തില്‍ കാര്യക്ഷമവും വേഗത്തിലും നടത്താന്‍ സാധിക്കുന്നു.
സഹായം അഭ്യര്‍ഥിക്കുമ്പോള്‍ ഉപകരണത്തിലെ ലൈറ്റ് ചുവന്ന നിറം കാണിക്കുകയും അതുവിജയകരമായി രജിസ്റ്റര്‍ ചെയ്തശേഷം തിരിച്ചു ലൈറ്റ് പച്ച നിറമാവുകയും ചെയ്യുന്നു. ഇത് അകപ്പെട്ടുപോയ വ്യക്തിയെ താന്‍ സഹായം അഭ്യര്‍ഥിച്ചത് വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നു. ഒരു സിംഗിള്‍ സെല്‍ ബാറ്ററിയില്‍ അഞ്ചു മുതല്‍ 10 വര്‍ഷം വരെ ഫൈന്‍ ബട്ടനു പ്രവര്‍ത്തിക്കാന്‍ കഴിയും.
ഭിത്തിയില്‍ ഉറപ്പിച്ചു വെക്കുന്ന ഈ ചെറിയ ഉപകരണം അടിയന്തിര ഘട്ടങ്ങളില്‍ കൈയില്‍ എടുത്തുവച്ച് പ്രവര്‍ത്തിക്കാം. 10 മുതല്‍ 15കിലോമീറ്റര്‍ വരെ സന്ദേശങ്ങള്‍ അയക്കാന്‍ ഫൈന്‍ ബട്ടണ് സാധിക്കും.
ചെറിയ ആഴമുള്ള വെള്ളത്തിലും മണ്ണിനടിയിലും അകപ്പെട്ടു പോയാലും ഈ ഉപകരണത്തിലൂടെ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."