സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ സ്‌കൂളില്‍ വീണ്ടും യൂനിഫോം വിവാദം
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വീണ്ടും യൂനിഫോം വിവാദം. അടുത്ത അധ്യായന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങളിലാണ് ആണ്‍കുട്ടികള്‍ക്കു ഹാഫ് കൈ മാത്രമേ അനുവദിക്കൂവെന്നു രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ദര്‍സ് വിദ്യാര്‍ഥികളുടേതുള്‍പ്പെടെ പത്തോളം ആണ്‍കുട്ടികളുടെ യൂനിഫോം ഷര്‍ട്ടിന്റെ ഫുള്‍കൈ രക്ഷിതാക്കളെ അറിയിക്കാതെ സ്‌കൂളിലെ അധ്യാപകന്‍ വെട്ടിമാറ്റിയതു വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടര്‍ന്നു രക്ഷിതാക്കളും എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു. സംഘടനാ പ്രതിനിധികളുടെ നിരന്തരമായ ചര്‍ച്ചയെ തുടര്‍ന്നു ദര്‍സ് വിദ്യാര്‍ഥികള്‍ക്കു ഫുള്‍ കൈ ധരിക്കാമെന്നു സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കുകയും പിന്നീട് ദര്‍സ് വിദ്യാര്‍ഥികള്‍ ഫുള്‍ കൈ ധരിച്ചു സ്‌കൂളില്‍ വരികയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം രണ്ടു ദര്‍സ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ അഡ്മിഷനെത്തിയപ്പോഴാണ് ഹാഫ് കൈ പാടുള്ളൂവെന്ന നിര്‍ദേശത്തില്‍ ഒപ്പുവച്ചാല്‍ മാത്രമേ സ്‌കൂളില്‍ ചേര്‍ക്കൂവെന്നു രക്ഷിതാക്കളോട് പറഞ്ഞത്.
തുടര്‍ന്നു വിദ്യാര്‍ഥികളെ ചേര്‍ക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍ മടങ്ങി.
സംഭവമറിഞ്ഞെത്തിയ എസ്.കെ.എസ്.എസ്.എഫ് നേതാക്കളോട് കാരണം വ്യക്തമാക്കാതെ പരംസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയായിരുന്നു മാനേജ്‌മെന്റും അധ്യാപകരും. സംഭവത്തില്‍ പരപ്പനങ്ങാടി മേഖലാ എസ്.കെ.എസ്.എസ്.എഫ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സ്‌കൂള്‍ പി.ടി.എയുടെയും അധ്യാപകരുടെയും ഇത്തരം നിലപാടിനെതിരേ സ്‌കൂളിലേക്കു പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."