കേരളത്തെ സൊമാലിയ എന്നു വിളിച്ച യോഗി കാണുന്നുണ്ടോ? യു.പി ആശുപത്രിയില്‍ 45 ദിവസത്തിനിടെ മരിച്ചത് 71 ശിശുക്കള്‍!
ലഖ്നൗ: ഉത്തര്‍പ്രദേശ് ബഹ്റൈച്ചിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 45 ദിവസത്തിനിടെ മരിച്ചത് 71 കുരുന്നുകള്‍. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡി.കെ സിങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കുറേ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇതില്‍ കഴിഞ്ഞ 45 ദിവസത്തിനിടെ 71 കുട്ടികള്‍ മരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത രോഗങ്ങളാലാണ് കുട്ടികള്‍ മരിച്ചത്.
സൗകര്യമില്ലാത്തതിനാലാണ് ഇത്രയും മരണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ കുട്ടികളെ ഇവിടെ കൊണ്ടുവന്ന് പ്രവേശിപ്പിക്കുന്നു. പക്ഷെ, സൗകര്യപരിമിതി കാരണം കൃത്യമായ ചികിത്സ നല്കാനാവുന്നില്ല. അധികൃതര്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
200 ബെഡ് മാത്രമാണ് ഈ ആശുപത്രിയില്‍ ഉള്ളത്. പക്ഷെ, ഇപ്പോള്‍ 450 രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ജോലഭാരം വളരെ കൂടുതലാണ്. ഞങ്ങള്‍ക്ക് പറ്റാവുന്നതിന്റെ പരമാവതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം ഓക്സിജന്‍ തീര്‍ന്ന് വലിയ ദുരന്തം സംഭവിച്ചിരുന്നു. 60 കുട്ടികളാണ് അന്നു മരിച്ചത്. ഈ സംഭവം പുറത്തുകൊണ്ടുവന്ന ഡോ. ഖഫീല് ഖാനെ യു.പി സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തിരുന്നു.
ശിശുമരണ നിരക്കില്‍ ഒന്നും ചെയ്യാതെ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ശിശുമരണ നിരക്കില്‍ കേരളം സൊമാലിയയ്ക്കു തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."