ബിഹാര്‍: എം.എല്‍.എമാരില്‍ 68 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍
ന്യൂഡല്‍ഹി: ബിഹാറില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ 68 ശതമാനവും വിവിധ ക്രിമിനല്‍ക്കേസുകളിലെ പ്രതികള്‍. സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട 243 എം.എല്‍.എമാരില്‍ 241 പേരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇതില്‍ 163 പേര്‍ ക്രിമിനല്‍ക്കേസുകളില്‍ പ്രതികളാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. രണ്ടുപേരുടെ സത്യവാങ്മൂലത്തില്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.
123 പേരുടെ പേരില്‍ ഗൗരവമുള്ള ക്രിമിനല്‍ക്കേസുകളാണുള്ളത്. 19 പേര്‍ കൊലക്കേസിലും 31 പേര്‍ വധശ്രമക്കേസിലും പ്രതികളാണ്. എട്ടുപേര്‍ക്കെതിരേ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.
ആര്‍.ജെ.ഡിയുടെ 74 അംഗങ്ങളില്‍ 54 പേരും വിവിധ കേസുകളില്‍ പ്രതികളാണ്. ബി.ജെ.പിയുടെ 73 പേരില്‍ 47 പേരാണ് ക്രിമിനല്‍ക്കേസ് പ്രതികള്‍.
ജെ.ഡി.യുവിന്റെ 43 പേരില്‍ 20 പേരാണ് പ്രതികള്‍. കോണ്‍ഗ്രസിന്റെ 19ല്‍ 18 പേരും ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ ആകെയുള്ള അഞ്ച് എം.എല്‍.എമാരും ക്രിമിനല്‍ക്കേസ് പ്രതികളാണ്.
ജയിലില്‍ക്കിടന്ന് മൊകാമ മണ്ഡലത്തില്‍നിന്ന് ആര്‍.ജെ.ഡി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ചോട്ടെ സര്‍ക്കാര്‍ എന്ന അനന്ത് സിങ്ങാണ് ഇക്കൂട്ടത്തില്‍ പ്രമുഖന്‍.
വീട്ടില്‍ എ.കെ 47 തോക്കും സ്‌ഫോടകവസ്തുക്കളും സൂക്ഷിച്ചതുള്‍പ്പെടെ 38 ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് അനന്ത് സിങ്. ഇതില്‍ ഏഴു കൊലക്കേസുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."