മാറാട്ട് വ്യാജ മദ്യ വില്പനയ്ക്കിടെ ഒരാള്‍ പൊലിസ് പിടിയില്‍
കോഴിക്കോട്: വ്യാജ മദ്യവില്പന നടത്തിയ ഒരാളെ മാറാട് പൊലിസ് അറസ്റ്റ് ചെയ്തു. അരക്കിണര്‍ കൊട്ടപ്പുറത്ത് നെല്ലിക്കണ്ടിപറമ്പില് മനോഹരന് (58) ആണ് മാറാട് പൊലിസിന്റെ പിടിയിലായത്. സാഗരസരണി, നടുവട്ടം, വെസ്റ്റ് മാഹി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമാക്കി മദ്യവില്പന നടത്തിവരികയായിരുന്നു ഇയാള്‍.
ഫോണ്‍ വഴി ആവശ്യപ്പെടുന്നവര്‍ക്ക് ഇയാള്‍ മദ്യം എത്തിച്ചുനല്കുക പതിവായിരുന്നു. ആവശ്യക്കാര്‍ക്ക് പെഗ്ഗ് അളവിലാണ് വില്പന നടത്തിയിരുന്നത്. മാറാട് ബീച്ചില്‍ അനധികൃത മദ്യവില്പന വ്യാപകമാകുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തില്‍ മാറാട് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എക്സ് തോമസ് നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്.
മാറാട് ബീച്ചിലെ പൊന്നത്ത് ക്ഷേത്രത്തിനടുത്തുള്ള റോഡില്‍ ഒരാള്‍ മദ്യം ഗ്ലാസില്‍ അളന്നു വില്പന നടത്തുന്നതിനിടെയാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി വില്പനയ്ക്കു സൂക്ഷിച്ച നാലര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും അളവുപാത്രങ്ങളും പൊലിസ് കണ്ടെടുത്തു.
സിവില്‍ പൊലിസ് ഓഫിസര്‍മാരായ സരീഷ് പെരുമ്പുഴകാട്, സി. അരുണ്‍കുമാര്‍, എ. പ്രശാന്ത് കുമാര്‍, ഇ.പി ജയന്, ഐ.ടി വിനോദ്, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."