അടിച്ചതും കൊന്നതും മുസ്‌ലിമായതിന്റെ പേരില്‍- തബ്‌റിസ് അന്‍സാരിയുടെ ഭാര്യ
ന്യൂഡല്‍ഹി: തബ്‌റീസ് അന്‍സാരി എന്ന 22 കാരനായ ചെറുപ്പക്കാരന്‍ ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായതും ഒടുവില്‍ മരണപ്പെട്ടതും മുസ്‌ലിമായി എന്നതിന്റെ പേരില്‍ മാത്രമാണ്. തബ്‌റീസിന്റെ ഭാര്യ ഷഹിസ്ത പര്‍വീന്‍ പറഞ്ഞതാണിത്.
രണ്ട് മാസമേ ആയിട്ടുള്ളൂ അന്‍സാരിയുടെ വിവാഹം കഴിഞ്ഞിട്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 27നായിരുന്നു ഇരുവരുടേയും വിവാഹം. കല്യാണം കഴിഞ്ഞ് ആദ്യ പെരുന്നാള് കൂടാനെത്തിയതായിരുന്നു പൂനെയില്‍ നിന്ന്. പൂനെയില്‍ വെല്‍ഡറായ അന്‍സാരി ജോലി സ്ഥലത്തേക്ക് തിരിച്ചു പോവാനായി ടിക്കറ്റും എടുത്തിരുന്നു.
ജൂണ്‍ 17ന് അമ്മാവന്റെ വീട്ടില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം. രണ്ട് കൂട്ടുകാരുമുണ്ടായിരുന്നു അന്‍സാരിയോടൊപ്പം. മടങ്ങുന്ന വഴി അന്‍സാരി ഷഹിസ്തയെ വിളിക്കുകയും ചെയ്തിരുന്നു. എത്താന്‍ വൈകുമെന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാല്‍ രാത്രി വീട്ടിലെത്തിയില്ല. പിന്നീട് തന്നെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചെന്നു പറഞ്ഞ് പിറ്റേ ദിവസം ജൂണ്‍ 18ന് അന്‍സാരി വീണ്ടും വിളിച്ചു. പൊലിസ് സ്റ്റേഷനിലാണ് ഉള്ളതെന്നും പറഞ്ഞു.
'പുലര്‍ച്ചെ 5 മണിയോടെയാണ് ഭര്‍ത്താവ് ഫോണ്‍ ചെയ്തത്. രാത്രി 10.30 മുതല്‍ ഗ്രാമവാസികള്‍ മര്‍ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. കളളനെന്ന് വിളിച്ച് മുസ്‌ലിം ആയത് കൊണ്ടാണ് മര്‍ദിക്കുന്നതെന്നാണ് പറഞ്ഞത്. ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ പോലും കഴിയാത്തത്രയും അവശനായിരുന്നു. ഞങ്ങള്‍ക്ക് നീതിയാണ് വേണ്ടത്. എന്റെ ഭര്‍ത്താവ് കൊല്ലപ്പെടാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല,' ഷഹിസ്ത ആവശ്യപ്പെട്ടു.
വിവരമറിഞ്ഞ് സരൈകേല പൊലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവശനിലയിലായിരുന്നു അവന്‍. വേദന കൊണ്ട് പിടയുന്ന അവനെ ആശുപത്രിയിലെത്തിക്കാന്‍ ഞങ്ങള്‍ കേണപേക്ഷിച്ചു. എന്നാല്‍ അവര്‍ ചെവികൊണ്ടില്ല- ബന്ധുവായ മഖ്‌സൂദ് അന്‍സാരി പറയുന്നു. ഇത്രയും മാരകമായി മര്‍ദ്ദനമേറ്റ അന്‍സാരിയെ പൊലിസ് ആശുപത്രിയില്‍ എത്തിക്കാതിരുന്നത് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
ജൂണ്‍ 18ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അന്‍സാരി 22 ശനിയാഴ്ച്ചയാണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് പൊലിസ് പറയുന്നത്.
ധക്തിദിഹ് ഗ്രാമത്തില്‍ മോട്ടോര്‍സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഖാരസവാന്‍ സ്വദേശിയായ അന്‍സാരിയേയും മറ്റ് രണ്ടുപേരേയും അക്രമിക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനൊപ്പം ഇവരെ നിര്‍ബന്ധിപ്പിച്ച് 'ജയ് ശ്രീറാം, ജയ് ഹനുമാന്‍' വിളിപ്പിക്കുകയും ചെയ്തു. അന്‍സാരിയെ മരത്തില്‍ കെട്ടിയിട്ട് ചവിട്ടുന്നതിന്റെയും അടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."