കെ.എ.എസ് മെയിന്‍ പരീക്ഷ 20, 21 തിയതികളില്‍
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍ ഓഫിസര്‍- ട്രെയിനി (സ്ട്രീം 1, സ്ട്രീം 2) തസ്തികയുടെ വിവരണാത്മക പരീക്ഷ 20 ന് രാവിലെ 9.30 മുതല്‍ 12.00 വരെയും (ഒന്നാം സെഷന്‍) ഉച്ചയ്ക്ക് 1.30 മുതല്‍ 4 വരെയും (രണ്ടാം സെഷന്‍), 21 ന് രാവിലെ 9.30 മുതല്‍ 12.00 വരെയും (മൂന്നാം സെഷന്‍) നടക്കും.
സംസ്ഥാനത്താകെ എല്ലാ ജില്ലയിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഉറപ്പുവരുത്തി 19 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ആകെ 3,190 ഉദ്യോഗാര്‍ഥികളാണ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയിട്ടുള്ളത്. അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസ് ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങ് മുഖേന മൂല്യനിര്‍ണയം നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പി.എസ്.സി.യുടെ വെബ്‌സൈറ്റിലും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലും നല്‍കിയിട്ടുണ്ട്.
പരീക്ഷയ്ക്ക്
പോകുമ്പോള്‍
ശ്രദ്ധിക്കാന്‍
പരീക്ഷ ആരംഭിച്ച ശേഷം പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിക്കുവാന്‍ ഉദ്യോഗാര്‍ഥികളെ അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തില്‍ നിശ്ചിതസമയം കഴിഞ്ഞ് വൈകി എത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ, നീലയോ കറുപ്പോ ബാള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളില്‍ പ്രവേശിക്കുന്ന അവസരത്തില്‍ ഉദ്യോഗാര്‍ഥി കൈയില്‍ കരുതാന്‍ പാടുള്ളൂ. വാച്ച്, സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, കാല്‍ക്കുലേറ്റര്‍ തുടങ്ങി പരീക്ഷാഹാളില്‍ അനുവദനീയമല്ലാത്ത സാധനങ്ങള്‍ കൈവശംവച്ചാല്‍ അത്തരം ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി.യുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍നിന്ന് ശാശ്വതമായ വിലക്ക് ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
കൊവിഡ് ബാധിതര്‍ക്ക്
പ്രത്യേക മുറി
കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉദ്യോഗാര്‍ഥികള്‍ പാലിക്കേണ്ടതാണ്. സാനിറ്റൈസര്‍, കുടിവെള്ളം എന്നിവ സുതാര്യമായ ബോട്ടിലുകളില്‍ കൈയില്‍ കരുതാവുന്നതാണ്. പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ സാമൂഹിക അകലം പാലിക്കേണ്ടതും, മാസ്‌ക് ധരിക്കേണ്ടതുമാണ്. ക്വാറന്റൈനില്‍ കഴിയുന്ന ഉദ്യോഗാര്‍ഥികളും കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികളും പരീക്ഷാകേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക മുറികളില്‍ ഇരുന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചീഫ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം പരീക്ഷ എഴുതേണ്ടതാണ്. പരീക്ഷയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിലേക്കായി ഉയര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക സ്‌ക്വാഡ് ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."