സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഹൈക്കോടതി
കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഹൈക്കോടതി. അന്വേഷണത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും ഹരജിക്കാര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള ഡി.ആര്‍.ഐയുടെ വാദം പരിഗണിക്കവെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാതെ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ആരാഞ്ഞു. അഫ്‌സല്‍, ഫൈസല്‍ എന്നിവര്‍ കൂടി കേസില്‍ പ്രതികളാണെന്ന് ഡി.ആര്‍.ഐ അറിയിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല . പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്നും ഹൈക്കോടതി ആരാഞ്ഞു.
പ്രതികളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. ഇതോടൊപ്പം കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പോള്‍ ജോസ്, മുഹമ്മദ് അഷ്‌റഫ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതിയില്‍നിന്ന് ഈ പരാമര്‍ശമുണ്ടായത്. പോള്‍ ജോസ് വിമാനത്താവളത്തിലെ ജീവനക്കാരനാണെന്നും ഇയാള്‍ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പോള്‍ ജോസ് മുന്‍പും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്നുള്ള പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളി. പോളിനു ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നു കോടതി ഉത്തരവില്‍ പറയുന്നു. ഇയാള്‍ക്കെതിരേയുള്ള ആരോപണം നിസാരമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മുഹമ്മദ് അഷ്‌റഫിനു ക്രിമിനല്‍ പശ്ചാത്തലമില്ലാത്തയാളാണെന്നും ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."