മരക്കാര്‍ ഫൈസി: വിടപറഞ്ഞത് ജ്ഞാനസമ്പന്നമായ പൈതൃക ജീവിതം
മലപ്പുറം: പാരമ്പര്യ പണ്ഡിതശ്രേണിയിലെ ജ്വലിക്കുന്ന വൈജ്ഞാനിക ജീവിതമായിരുന്നു അന്തരിച്ച സമസ്ത മുശാവറ അംഗവും ഫത്വാ കമ്മിറ്റി അംഗവുമായ എ. മരക്കാര്‍ ഫൈസി. നിറമരുതൂരിലെ പണ്ഡിത കുടുംബത്തില്‍നിന്ന് വൈജ്ഞാനിക കേരളത്തിനു നിറസമ്പാദ്യമൊരുക്കി അവസാനം വരെയും ജ്ഞാനപ്രസരണം നടത്തിയാണ് മരക്കാര്‍ ഫൈസിയും കണ്‍മറഞ്ഞത്.
കേരളത്തിലെ ഏറ്റവും പ്രാചീന പള്ളിദര്‍സ് നിലകൊള്ളുന്ന താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ നിന്ന് പിതാവ് ബീരാന്‍കുട്ടി മുസ്ലിയാര് ഓതിക്കൊടുത്ത് വിളക്കിച്ചേര്‍ത്തു വച്ചതാണ് മരക്കാര്‍ ഫൈസിയുടെ ജ്ഞാനശോഭ. വലിയകുളങ്ങര പള്ളിയില്‍നിന്ന് പഠിച്ചെടുത്ത അറിവ് ഇസ്ലാഹുല് ഉലൂമിലെ നൂറുകണക്കിനു പഠിതാക്കള്‍ക്ക് പകര്‍ന്നുനല്‍കിയാണ് ഗുരുശ്രേഷ്ഠരുടെ മടക്കയാത്ര.
നിരവധി സ്ഥലങ്ങളിലായി ദര്‍സ് നടത്തിയ ഇദ്ദേഹം ഏതാനും വര്‍ഷങ്ങളായി ഇവിടെ സീനിയര്‍ മുദരിസായി സേവനം ചെയ്യുകയായിരുന്നു. അസുഖബാധിതനായതിനാല്‍ പ്രയാസം കണക്കിലെടുത്ത് ശിഷ്യന്മാരായ സഹപ്രവര്‍ത്തകരായിരുന്നു പാഠവിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. അധ്യാപനം മുടങ്ങാതിരിക്കണമെന്ന നിര്‍ബന്ധം കാരണം കഴിഞ്ഞയാഴ്ച ഓണ്‍ലൈനില്‍ തന്റെ ക്ലാസ് ആരംഭിച്ചു.
മതഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി കര്‍മശാസ്ത്ര പഠനം ജീവിതസപര്യയായി പാകപ്പെടുത്തി. വറുതിയുടെ ബാല്യകാലത്തും ബൗദ്ധിക വിഭവങ്ങള്‍ ഒരുക്കൂട്ടിവച്ച് പഠിച്ചെടുത്ത പാഠങ്ങളാണ് ആയിരക്കണക്കിനു ശിഷ്യരിലേക്ക് നുകര്‍ന്നു നല്‍കിയത്. സമസ്തയുടെ സംഘടനാ പ്രവര്‍ത്തന രംഗത്തു നിറഞ്ഞുനിന്ന മരക്കാര്‍ ഫൈസി 2011 മുതല്‍ സമസ്ത കേന്ദ്ര മുശാവറയിലും തുടര്‍ന്ന് സമസ്തയുടെ ഫത്വാ കമ്മിറ്റിയിലും അംഗമായി. മഹല്ല്, ദര്‍സ് ശാക്തീകരണത്തിനായി സുന്നി മഹല്ല് ഫെഡറേഷന്റെ സംഘാടകനായും നിരവധി ദീനീ സ്ഥാപനങ്ങളുടെ അംഗമായും പ്രവര്‍ത്തിച്ചു.
പഴയകാല മതപ്രഭാഷണ വേദികളില്‍ നിറഞ്ഞുനിന്ന ഉജ്ജ്വലയ വാഗ്മി കൂടിയാണ് മരക്കാര്‍ ഫൈസി. പിതാവിന്റെ പൊരുളറിഞ്ഞ പുത്രനായി ജീവിച്ച്, കണ്ണിയത്ത് അഹ്മദ് മുസ്ലിയാരും ശംസുല്‍ ഉലമയും അത്തിപ്പറ്റ മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാരും യാത്രപോയ റബീഉല്‍ ആഖിര്‍ മാസത്തില്‍ തന്നെയാണ് പൈതൃകങ്ങളില്‍ കണ്ണിചേര്‍ന്ന മരക്കാര്‍ ഫൈസിയുടെയും മടക്കയാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."